23 May Thursday

രാഹുലിന്റെ വേദിയിൽ നേതാക്കളെ വെട്ടിയതിൽ ലീഗിന‌് അമർഷം

സ്വന്തം ലേഖകൻUpdated: Friday Apr 19, 2019
മലപ്പുറം 
വണ്ടൂരിൽ രാഹുൽ ഗാന്ധി പങ്കെടുത്ത വയനാട് മണ്ഡലം യുഡിഎഫ് റാലിയുടെ വേദിയിൽനിന്ന് മുസ്ലിംലീഗ് നേതാക്കളെ  മാറ്റിനിർത്തിയത‌് പകപോക്കലെന്ന‌് ആക്ഷേപം. ജില്ലയിൽ യുഡിഎഫിന്റെ ചുക്കാൻപിടിക്കുന്ന മുസ്ലിംലീഗ‌് ജില്ലാ  ജനറൽ സെക്രട്ടറി അഡ്വ. യു എ ലത്തീഫിനെയടക്കം വേദിയിൽ കയറ്റാതെ അപമാനിച്ചതിൽ ലീഗ‌് പ്രവർത്തകരും നേതാക്കളും കടുത്ത അമർഷത്തിലാണ‌്. സംസ്ഥാന നേതാവിനെ വേദിക്കുമുന്നിൽ തടഞ്ഞതും നാണക്കേടായി. 
പച്ചക്കൊടി വിവാദത്തിൽ  നാണക്കേടിലായ ലീഗ‌് അണികളോട‌് മറുപടി പറയാൻ വിയർക്കുന്നതിനിടയിലാണ‌് അടുത്ത വിവാദം. കോഴിക്കോട‌്,  സുൽത്താൻ ബത്തേരി, വണ്ടൂർ, തിരുവമ്പാടി, തൃത്താല, ആലപ്പുഴ,  പത്തനംതിട്ട, പത്തനാപുരം തുടങ്ങി കോൺഗ്രസ‌് എംപിമാരുടെയും എംഎൽഎമാരുടെയും മണ്ഡലങ്ങളിൽ മാത്രമാണ് രാഹുൽ പര്യടനം നടത്തിയത്. 
ലത്തീഫ‌് ഉൾപ്പെടെ ചില ലീഗ‌് നേതാക്കളുടെ പേര‌് അവസാന നിമിഷം  ഒഴിവാക്കി എ പി  അനിൽകുമാർ എംഎൽഎ  എസ‌്പിജി അധികൃതർക്ക് കൈമാറിയ പട്ടികയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത‌്. രാഹുൽ ഗാന്ധി പങ്കെടുക്കുന്ന വേദിയിൽ ഇരിക്കാനും നേതാക്കളെ പരിചയപ്പെടാനുമുള്ള ലൈനപ്പ് പട്ടികയിൽ  44 പേരാണുണ്ടായിരുന്നത്. ഇതിൽ 11 പേരെ ഹെലിപ്പാഡിലേക്ക് മാറ്റി. ബാക്കിയുള്ള 33 പേരിൽ യു എ ലത്തീഫ്, കെ പി എ മജീദ് അടക്കമുള്ള ലീഗ് നേതാക്കളുണ്ടായിരുന്നു. എന്നാൽ, ഈ ലിസ്റ്റിനെ മറികടന്ന് എംഎൽഎ പുതിയ പട്ടിക കൈമാറുകയായിരുന്നുവത്രെ.  ഇതറിയാതെ വേദിയിലേക്ക് കയറാൻ ശ്രമിച്ച 
യു എ ലത്തീഫിനെ തടഞ്ഞു. അപമാനിക്കപ്പെട്ട അദ്ദേഹം  മറുത്തൊന്നും പറയാതെ സദസ്സിൽ പോയിരിക്കുകയായിരുന്നു. 
കോൺഗ്രസിന്റെ ദേശീയ നേതാക്കൾ പങ്കെടുത്ത മുസ്ലിംലീഗ‌് ജില്ലാ സമ്മേളനത്തിൽ എ പി അനിൽകുമാറിനെ പങ്കെടുപ്പിക്കാതിരുന്നത‌് നേരത്തെ വിവാദമായിരുന്നു.  കോൺഗ്രസിനെ ഒതുക്കുന്നുവെന്ന‌് അവർക്ക‌് പരാതിയുള്ളതിനാൽ ഏറെക്കാലമായി  ഇരു പാർടികളും ജില്ലയിൽ  അകൽച്ചയിലാണ‌്. ലീഗ‌് സമ്മേളനത്തിൽ തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച‌് അനിൽകുമാർ  ലീഗ‌് സ്ഥാനാർഥികളുടെ നാമനിർദേശ പത്രികാ സമർപ്പണ ചടങ്ങ‌് ബഹിഷ‌്കരിച്ചതും വാർത്തയായിരുന്നു.
പ്രധാന വാർത്തകൾ
 Top