04 April Saturday

പി ജയരാജന്‌ സ്വീകരണം; സ്ഥാപനമേധാവിയെ സമസ്‌ത പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020
കോഴിക്കോട്‌ 
വിദ്യാഭ്യാസ–-സാന്ത്വന പരിചരണ കേന്ദ്രത്തിൽ പി ജയരാജനെ സ്വീകരിച്ചതിന്‌ സ്ഥാപനമേധാവിയെ പുറത്താക്കി. മലപ്പുറം കാളികാവ്‌ വാഫി/ഹിമ സെന്റർ (ഹെവൻ ഓഫ്‌ ഇന്റിമസി ആൻഡ്‌ മേഴ്‌സിഫുൾ അറ്റ്‌മോസ്‌ഫിയർ) പ്രിൻസിപ്പൽ ഡോ. ലുക്മാൻ വാഫി ഫൈസി അസ്ഹരിയെയും ഡയറക്ടർ ഇബ്രാഹിം ഫൈസി റിപ്പണേയുമാണ്‌ മാനേജ്‌മെന്റ്‌ പുറത്താക്കിയത്‌. മുസ്ലിംലീഗ്‌ അനുഭാവമുള്ള ഇ കെ വിഭാഗം സുന്നി സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണ്‌ സ്ഥാപനം. പുറത്താക്കലിനെതിരെ സമസ്‌തയിലെ പ്രവർത്തകരടക്കം സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനവുമായെത്തി. 
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജൻ കഴിഞ്ഞ 10-നാണ്‌ വാഫി സന്ദർശിച്ചത്‌. കാളികാവിൽ പാർടി പരിപാടിക്ക്‌ പോയപ്പോഴായിരുന്നു വാഫിയിലെത്തിയത്‌. കണ്ണൂരിലെ സാന്ത്വന പരിപാലന പ്രസ്ഥാനമായ ഐആർപിസിയുടെ നേതൃനിരയിലുള്ള ജയരാജനെ പ്രിൻസിപ്പലും ഡയറക്ടറും വരവേറ്റു. സ്വീകരണയോഗത്തിൽ വിദ്യാർഥികളുമായി സംവദിച്ചു. മുസ്ലിം യൂത്ത്‌ ലീഗ്‌ നേതാക്കളടക്കം സമസ്‌ത ഭാരവാഹികളെ വിളിച്ച്‌ പ്രതിഷേധമറിയിക്കുകയായിരുന്നു. തുടർന്നാണ്‌ സ്ഥാപനമേധാവികൾക്കെതിരായ നടപടി. ആതിഥ്യമര്യാദ കാട്ടിയതിനെ കുറ്റമായി കാണുന്ന നടപടി തിരുത്തണമെന്നാവശ്യപ്പെട്ടാണ്‌ സാമൂഹ്യമാധ്യമങ്ങളിലെ പ്രതിഷേധം.
പ്രധാന വാർത്തകൾ
 Top