27 September Sunday

ജീവിതനിറം പകർന്ന നാലാണ്ട്‌

സ്വന്തം ലേഖകൻUpdated: Sunday Jan 19, 2020

സിഡിഎംആർപി നാലുവർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരം

തേഞ്ഞിപ്പലം 
ജീവിതത്തിന്‌  തണലേകിയ  നാലാണ്ടിനെ വർണങ്ങൾ ചാർത്തി അവർ വരവേറ്റു. കാടും നാടും മാനും മനുഷ്യനും വരകളിൽ  നിറഞ്ഞു.  കലിക്കറ്റ്‌ സർവകലാശാലാ കമ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്മെന്റ്‌ (സിഡിഎംആർപി) 
 നാലുവർഷം പൂർത്തീകരിച്ചതിന്റെ ആഘോഷത്തോടനുബന്ധിച്ച്‌  ഭിന്നശേഷി കുട്ടികൾക്ക്‌ സംഘടിപ്പിച്ച ചിത്രരചനാ മത്സരം അതിജീവനത്തിന്റെ നിറക്കൂട്ടായി. ഞായറാഴ്‌ച സർവകലാശാലാ ഓഡിറ്റോറിയത്തിലാണ്‌ വാർഷികാഘോഷം. കുട്ടികളുടെയും  രക്ഷിതാക്കളുടെയും മത്സരമുണ്ടാകും. 
കലിക്കറ്റ് സർവകലാശാലാ  മനഃശാസ്ത്ര വിഭാഗവും കേരള സാമൂഹ്യനീതി വകുപ്പും സംയുക്തമായി  2015–-ലാണ്‌   മലപ്പുറം, കോഴിക്കോട് ജില്ലകളിലായി നാല്‌ കമ്യൂണിറ്റികൾ ആരംഭിക്കുന്നത്‌. നാലുവർഷം പിന്നിടുമ്പോൾ  മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 10 കമ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്മെന്റ്‌  ക്ലിനിക്കുകളും ആധുനിക സൗകര്യങ്ങളുള്ള   അഡ്വാൻസ് ബുക്കിങ്‌  സെന്ററുമായി പദ്ധതി  വ്യാപിച്ചു. 18 വയസുകഴിഞ്ഞ ഭിന്നശേഷിക്കാർക്ക്‌  തൊഴിൽ പരിശീലനത്തിനായി വെക്കേഷൻ റിഹാബിലിറ്റേഷൻ  സെന്ററും  പ്രവർത്തിക്കുന്നു. നിലവിൽ  7500–-ഓളം ഭിന്നശേഷിക്കാർക്ക് പദ്ധതിയുടെ സേവനം ലഭിക്കുന്നുണ്ട്. ഇവർക്കായി 385–-ഓളം പരിശീലനങ്ങളും  മാർഷ്യൽ ആർട്‌  ട്രെയിനിങ്ങും  സംഘടിപ്പിച്ചു. കേരള സർക്കാറും കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റും പ്രോജക്ടിന് മികച്ച പിന്തുണ നൽകുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top