05 December Thursday
കെഎസ്‌യു –- എംഎസ്‌എഫ്‌- പോര്‌

കത്തുന്നത്‌ ലീഗ്‌, കോൺഗ്രസ്‌ കുടിപ്പക

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019
മലപ്പുറം
മമ്പാട്‌ കോളേജിലെ കെഎസ്‌യു –-എംഎസ്‌എഫ്‌ പോരിലൂടെ മറനീക്കിയത്‌ ലീഗ്‌–-കോൺഗ്രസ്‌  ഭിന്നത. തരംപോലെ സാമുദായിക രാഷ്ട്രീയം ആളിക്കത്തിച്ച്‌  മലബാറിൽ പാർടിയെ മുസ്ലിംലീഗ്‌ വിഴുങ്ങുന്നുവെന്ന  തിരിച്ചറിവ്‌ കോൺഗ്രസിനുണ്ട്‌.  അഞ്ച്‌ ജില്ലയിൽ എംഎൽഎമാരില്ലാത്ത പാർടിയായി കോൺഗ്രസ്‌.  അബ്ദുറഹ്‌മാൻ സാഹിബിന്റെ കാലംമുതൽ മലപ്പുറത്തടക്കം പ്രധാന പാർടിയായിരുന്ന കോൺഗ്രസിനെ ഈ പരുവത്തിലാക്കിയത്‌ ലീഗ്‌ ബന്ധമാണ്‌. 
അഴിമതിയും തൊഴുത്തിൽക്കുത്തും മൃദുഹിന്ദുത്വവും അജൻഡയാക്കിയ കോൺഗ്രസ്‌  ഒലിച്ചുപോകാത്തത്‌ തങ്ങളുടെ തണലിലാണെന്ന്‌  ലീഗ്‌ തിരിച്ചടിക്കുന്നു. കാളികാവ്‌ പഞ്ചായത്തിൽ ലീഗിന്റെ ഭരണം വീഴാൻ വിദ്യാർഥി സംഘടനകളുടെ പോരും കാരണമായി.  
എംഇഎസിൽ എംഎസ്‌എഫിനെ തറപറ്റിച്ച്‌ കെഎസ്‌യു വിജയിച്ചതിനെ തുടർന്ന്‌ തെരുവിലും സമൂഹമാധ്യമങ്ങളിലും പോരുമൂത്ത്‌ തെറിവിളിയായിട്ടും യുഡിഎഫ്‌ നേതാക്കളൊന്നും  ഇടപെട്ടില്ല. 
രാജീവ്‌ ഗാന്ധി,  പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ, സി എച്ച്‌ മുഹമ്മദ്‌ കോയ തുടങ്ങിയ മൺമറഞ്ഞ  നേതാക്കളെപ്പോലും അപകീർത്തിപ്പെടുത്തുന്ന തരത്തിലേക്ക്‌  പോര്‌ തരംതാണിട്ടും  നേതൃത്വം വിലക്കുന്നില്ല. രാഹുൽ ഗാന്ധി എംപിയായ മണ്ഡലത്തിലാണ്‌  പോര്‌. യുഡിഎഫ്‌ ഏകോപനസമിതി തിരുവനന്തപുരത്ത്‌  ചേരുമ്പോഴാണ് ചെന്നിത്തലയെ  സംഘിത്തലയാക്കി എംഎസ്‌എഫും പാണക്കാട്‌ തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും ചീത്തവിളിച്ച്‌ കെഎസ്‌യുക്കാരും തെരുവിലിറങ്ങിയത്‌. 
രാജ്യത്താകെ തകർന്നടിഞ്ഞ കോൺഗ്രസിന്‌ കേരളത്തിൽ വിജയിക്കാനായത്‌ ലീഗിന്റെ പിന്തുണയിലാണെന്ന്‌ എംഎസ്‌എഫുകാർ പറയുന്നു.  എന്നാൽ ലീഗുബന്ധം ദോഷമായെന്നാണ്‌ കോൺഗ്രസ്‌ പക്ഷം.   ഭരണവിരുദ്ധ വികാരമില്ലാത്ത കേരളത്തിൽ വൻതകർച്ചയുടെ വക്കിലായിരുന്ന യുഡിഎഫിനെ ജയിപ്പിച്ചത്‌ രാഹുലിനെ എത്തിച്ചതിനാലാണെന്ന്‌ കോൺഗ്രസുകാർ പറയുന്നു.  ഒറ്റക്കുനിന്നാൽ മലപ്പുറത്തടക്കം ലീഗിന്‌ തിരിച്ചടിയുണ്ടാകുമെന്നാണ്‌ അനുഭവം.  എന്നാൽ  വയനാട്ടിൽ രാഹുലിനൊപ്പമുള്ള  ലീഗിന്റെ പച്ചക്കൊടി വിവാദമാക്കിയാണ്‌ ഉത്തരേന്ത്യയിൽ ബിജെപി ആഞ്ഞടിച്ചത്‌.   
കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ്‌ ലീഗ്‌ ഇടപെട്ട്‌ മാണിഗ്രൂപ്പിന്‌ നൽകിയതോടെയാണ്‌ ഇടവേളക്കുശേഷം  തർക്കം പൊട്ടിത്തെറിയിലെത്തിയത്‌.
പ്രധാന വാർത്തകൾ
 Top