07 December Tuesday

കോൺഗ്രസിന്റെ സ്ഥാനം ഡൂപ്ലിക്കേറ്റ് സാധനങ്ങൾ 
വിൽക്കുന്ന കടകളിൽ: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

സിപിഐ എം കീഴാറ്റൂർ ലോക്കൽ കമ്മിറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്ഘാടനംചെയ്യുന്നു

മേലാറ്റൂർ
കോൺഗ്രസിന്റെ സ്ഥാനം ഡൂപ്ലിക്കേറ്റ് സാധനങ്ങൾ വിൽക്കുന്ന കടകളിലാണെന്ന് തോന്നിപ്പിക്കുംവിധമാണ് അവരുടെ പ്രവർത്തനങ്ങളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ.  കീഴാറ്റൂർ ലോക്കൽ കമ്മിറ്റി ഓഫീസ്  ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
 കേരളത്തിലെ പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും മുസ്ലിംലീഗും സിപിഐ എമ്മിനെ മുഖ്യ ശത്രുക്കളായാണ് കാണുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവൺമെന്റിനെ ന്യായീകരിക്കുന്ന തരത്തിലാണ് ഇവരുടെ സമീപനം. 
 പാവങ്ങൾക്കുവേണ്ടിയല്ല കോടീശ്വരൻമാർക്കുവേണ്ടിയാണ് ബിജെപിയുടെ ഭരണം. സൂപ്പർമാർക്കറ്റ് വിൽക്കുന്ന ലാഘവത്തോടെയാണ് വിമാനത്താവളങ്ങളും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളും വിൽക്കുന്നത്. ഇത്തരം നയങ്ങളെ കോൺഗ്രസും ലീഗും എതിർക്കുന്നില്ല. സമരംചെയ്യുന്ന കർഷകരുടെ നെഞ്ചിലേക്ക് വണ്ടി ഓടിച്ചുകയറ്റി കൊല്ലുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണ്. സ്വാതന്ത്ര്യസമരത്തെ ബിജെപിക്കാർ അംഗീകരിക്കുന്നില്ല. കാരണം അതിൽ ഹിന്ദുവും മുസൽമാനും ഒരുപോലെ പങ്കെടുത്തു എന്നതുകൊണ്ടാണ്‌.മുസ്ലിംലീഗിന്റെയും  കോൺഗ്രസിന്റെയും സഹായത്തിലാണ് ബിജെപി എംഎൽഎ കേരള നിയമസഭയിലെത്തിയത്. എന്നാൽ അത് മടക്കിവയ്‌ക്കാൻ എൽഡിഎഫിന്‌ കഴിഞ്ഞു. വീടില്ലാത്ത പാവപ്പെട്ടവരാരും കേരളത്തിൽ ഉണ്ടാകില്ല. ആറുവരിപ്പാത വേഗത്തിൽ പൂർത്തിയാക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top