20 November Wednesday

സഹജീവിസ്‌നേഹം സഹദേവന്‌ സ്വന്തം കാര്യം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

ഭൂമിയുടെ സമ്മതപത്രം സഹദേവൻ സ്‌പീക്കർ പി ശ്രീരാമകൃഷ്ണന് കൈമാറുന്നു

 

പൊന്നാനി 
വയനാട്ടിലെ ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും വീടും  നഷ്ടപ്പെട്ട പെൺകുട്ടി, അവൾക്ക്‌  കിട്ടിയ തുകയിൽനിന്ന് ഒരുപങ്ക്‌  ദുരിതാശ്വാസനിധിയിലേക്ക് നിറകണ്ണുകളോടെ കൈമാറുന്നു; ഈ കാഴ്‌ച മാധ്യമങ്ങളിൽ കണ്ട സഹദേവന്‌ സഹജീവികൾക്ക്‌  താങ്ങാവാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 
ഭാര്യക്ക് കുടുംബസ്വത്തായി കിട്ടിയ ഭൂമിയിൽനിന്ന് 12 സെന്റ് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുവയ്‌ക്കാനായി നൽകി മാതൃകയാകുകയാണ് തവനൂർ പമ്പ് ഹൗസിന് സമീപം താമസിക്കുന്ന ഇരുപ്പയിൽ സഹദേവൻ (73).  പൊന്നാനി പുഴമ്പ്രത്തുള്ള ഭൂമിയാണ് ഇദ്ദേഹം വിട്ടുനൽകിയത്. പ്രളയബാധിതർക്ക് കൈത്താങ്ങാവണമെന്ന തന്റെ ആഗ്രഹം ഭാര്യ രമണിയോടും മക്കളോടും പറഞ്ഞപ്പോൾ അവർക്ക്‌ പൂർണസമ്മതം. തിരൂരിൽ പ്രളയബാധിതർക്കായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി സിനിമാതാരം ആശാ ശരത്തിന്റെ "ദേവഭൂമിക’ പരിപാടിയിൽ സമ്മതപത്രം  സ്‌പീക്കർ പി ശ്രീരാമകൃഷ്ണന് കൈമാറി.  വീട് നിർമിച്ചശേഷം താമസിക്കാൻവരുന്നവർക്ക്‌ സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ ആവശ്യമെങ്കിൽ കൂടുതൽ സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്നും സഹദേവൻ സ്പീക്കറെ അറിയിച്ചു. 
15 വർഷംമുമ്പ് തമിഴ്നാട്ടിൽനിന്ന്‌ എൻജിനിയറായി വിരമിച്ച സഹദേവൻ ജനകീയ ആവശ്യങ്ങൾക്ക് മുമ്പും  മാതൃക കാണിച്ചിട്ടുണ്ട്. ആറുമാസം മുമ്പാണ്  തവനൂരിൽ ഒന്നാംവാർഡിലെ അങ്കണവാടിയെ വാടക കെട്ടിടത്തിൽനിന്ന് മോചിപ്പിക്കാനും പഞ്ചായത്തിലെ വയോജനങ്ങൾക്കായുള്ള പകൽ വീടിനുമായി അഞ്ച്‌ സെന്റ്  നൽകിയത്. സലീന, സുർജിത്ത്, സബീന എന്നിവർ മക്കളാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top