20 October Sunday

ചവിട്ടിത്തിരിച്ച വഴിയോരങ്ങളിൽ അവർ ഇന്ത്യയെ കണ്ടു

സ്വന്തം ലേഖകൻUpdated: Wednesday Sep 18, 2019

ഹാരിസും സാദിഖലിയും ഖർ തൂങ്‌‌ലാ അതിർത്തിയിൽ

 

 
വേങ്ങര
കയറ്റങ്ങൾ, കൊടുംവളവുകൾ,  ഉയർന്ന മലനിരകൾ, മറുഭാഗത്തെ  അഗാധഗർത്തങ്ങൾ,  റോഡുപോലുമില്ലാത്ത പ്രദേശങ്ങൾ, ഉരുളൻകല്ലുകൾ നിറഞ്ഞ പാതകൾ, ആർത്തലച്ചൊഴുകുന്ന നദികൾ. ഒടുവിൽ ഹിമാലയത്തിന്റെ നെറുകയിൽ. അവരറിഞ്ഞു... കേട്ടുമാത്രം പരിചയിച്ച ഇന്ത്യയുടെ യാഥാർഥമുഖം. വേങ്ങര പത്തുമൂച്ചി ആട്ടക്കുളയൻ ഹംസയുടെ മകൻ ഹാരിസും (23) കൂട്ടുകാരൻ തിരൂരങ്ങാടി താഴെച്ചിന നല്ലാട്ടുതൊടിക സാദിഖലി (25)യുമാണ് 10ലധികം സംസ്ഥാനങ്ങൾ സൈക്കിളിൽ താണ്ടി ഹിമാലയത്തിൽ കാലുകുത്തിയത്‌. 
വേങ്ങരയിൽനിന്ന്‌ 34 ദിവസംകൊണ്ടാണ് ഇന്ത്യൻ അതിർത്തിയായ ലേയിൽ ഇരുവരുമെത്തിയത്‌. കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ എന്നിവിടങ്ങളിലൂടെയായിരുന്നു യാത്ര. ദിനേന ശരാശരി 200 കിലോമീറ്റർ ദൂരം താണ്ടി. കേരളം വിട്ടതോടെ  പെട്രോൾ പമ്പുകളിലും അമ്പലങ്ങളിലും കിടന്നുറങ്ങി.  ജാതിയോ മതമോ ആരും ചോദിച്ചില്ല. നഗര പ്രൗഢിയുടെ പിന്നാമ്പുറങ്ങളിൽ പട്ടിണിപ്പാവങ്ങളുടെ കറുത്ത ഇന്ത്യയുണ്ടെന്ന യാഥാർഥ്യം  സഞ്ചാരത്തിലൂടെ തിരിച്ചറിഞ്ഞതായി ഹാരിസ്  പറഞ്ഞു. 
ശക്തമായ ഒഴുകുന്ന നദികൾ സൈക്കിളിൽ  മുറിച്ചുകടക്കേണ്ടിവന്നതുപോലുള്ള ദുർഘട സമയങ്ങളിലും  ജനങ്ങൾ സഹായത്തിനുതയ്യാറായത്‌ യാത്രകളെ സന്തോഷകരമാക്കി.  റോത്തങ് പാസ്, താങ് ലാ  പാസ് എന്നീ ചുരങ്ങൾ സമ്മാനിച്ചത്‌ പ്രത്യേക അനുഭവങ്ങൾ. യാത്ര ഖർദുങ് ല ടോപ്പിൽ എത്തിയപ്പോൾ ലോകം  കീഴടക്കിയതുപോലെ തോന്നിയതായി ഇവർ പറഞ്ഞു. 
വേങ്ങര ബസ്‌ സ്‌റ്റാൻഡ്‌  പരിസരത്ത് വേങ്ങര റൈഡേഴ്സ് ടീം ഇരുവർക്കും സ്വീകരണംനൽകി.  പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് പ്രസിഡന്റ്‌ കെ കെ രാമകൃഷ്ണൻ ഉപഹാരം സമ്മാനിച്ചു. ഇർഷാദ് എഴുവത്തും കാട്ടിൽ, ഇസ്ഹാഖ് പൂവഞ്ചേരി, എ വി ഇസ്ഹാഖ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top