21 October Monday

സൗഹൃദ രാഗത്തിന്റെ മധുവർണപ്പൂവ്‌

ബഷീർ അമ്പാട്ട്‌Updated: Wednesday Sep 18, 2019

കുഞ്ഞിമൂസ്സയും അബൂട്ടിയും (ഫയൽചിത്രം)

 

 
കൊണ്ടോട്ടി
മലപ്പുറം ജില്ലയിലെ അരീക്കോട്ടുകാരൻ കെ വി അബൂട്ടിയും കോഴിക്കോട് ജില്ലയിലെ വടകരക്കാരൻ കുഞ്ഞിമൂസയും തമ്മിലുള്ള സൗഹൃദത്തിന്‌ ഇശൽവരികളുടെ ചിട്ടകളും മധുരവുമുണ്ട്‌. മാപ്പിളപ്പാട്ട് ഗായകൻ കുഞ്ഞിമൂസ വിടപറയുമ്പോൾ ആ സൗഹൃദത്തിന്റെ മരിക്കാത്ത ഓർമകളിലാണ് സംഗീത സംവിധായകൻ കെ വി അബൂട്ടി.  ചെറുപ്പത്തിൽ കോഴിക്കോട് ആകാശവാണിയിൽ പാടാൻ എത്തിയപ്പോൾ, 1976ലെ ഒരു പ്രഭാതത്തിലാണ്‌ ‘കുഞ്ഞിമൂസാക്ക’യെ അബൂട്ടി ആദ്യമായി കാണുന്നത്. ആ കൂടിക്കാഴ്ച സൗഹൃദമായി വളർന്നു. 
1966 മുതൽ കോഴിക്കോട് ആകാശവാണിയിലെ ഗായകനായിരുന്നു കുഞ്ഞിമൂസ. മാപ്പിളപ്പാട്ടിനൊപ്പം ലളിതഗാനങ്ങളും മലബാർ നെഞ്ചേറ്റിയ ഗസലുകളും കുഞ്ഞിമൂസക്ക് വഴങ്ങി. 
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കാലത്ത്‌ മലബാറുകാരുടെ ഉള്ളം തണുപ്പിച്ചു കുഞ്ഞിമൂസയുടെ വരികൾ. തീരാത്ത ദുഃഖത്തിൻ മാറാപ്പും പേറി, പള്ളി മിനാരത്തിൽ, സ്വർ​ഗീയ സുഖംകൊള്ളും, മധുവർണ പൂവല്ലെ... തുടങ്ങി നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകുകയും പാടുകയും ചെയ്തു.   മൂസാക്കയുടെ "നെഞ്ചിനുള്ളിൽ നീയാണ്' എന്ന പാട്ട് പാടിയാണ് മകൻ താജുദീൻ വടകര 2000ത്തിന്റെ ആരംഭത്തിൽ മലബാറിലെ മാപ്പിളപ്പാട്ട് രംഗത്തെ ഇളക്കിമറിച്ചത്.
കരളിന്റെ കൂട്ടിലെ എന്ന പ്രസിദ്ധമായ ലളിതഗാനം കുഞ്ഞിമൂസാക്കയുടേതാണ്. ഈ ഗാനം ഗ്രാമഫോൺ റെക്കോഡ് ചെയ്തിട്ടുണ്ട്. ആരാരോ മാടിവിളിക്കുന്നു എന്ന ലളിതഗാനവും ഏറെ പ്രശസ്തമാണ്. സംഗീത സംവിധായകൻ രാഘവൻ മാസ്റ്ററാണ് കുഞ്ഞിമൂസയുടെ സംഗീതത്തിലെ സിദ്ധി തിരിച്ചറിഞ്ഞ്‌ എച്ച്എംവിക്ക് പരിചയപ്പെടുത്തുന്നത്. ഹാർമോണിയവാദകനായിരുന്നില്ല താനെന്ന് പലപ്പോഴും കുഞ്ഞിമൂസക്ക പറഞ്ഞിരുന്നതായി അബൂട്ടി പറയുന്നു. എന്നിട്ടും വിസ്മയിപ്പിക്കുന്ന സംഗീതസംവിധായകനും പാട്ടുകാരനുമായി മാറാൻ കുഞ്ഞിമൂസക്ക് കഴിഞ്ഞു. ചുമട്ട് തൊഴിലാളിയായിരുന്ന ഒരാൾ മാപ്പിള സംഗീതത്തിന്റെ ഉയരങ്ങൾ കീഴടക്കിയ കഥകൂടിയാണ്‌ കുഞ്ഞിമൂസയുടെ ജീവിതം.
പ്രധാന വാർത്തകൾ
 Top