22 October Tuesday

ചുവടിനൊപ്പം ജീവിതമുദ്ര

സ്വന്തം ലേഖികUpdated: Wednesday Sep 18, 2019

ട്രാൻസ്ജെൻഡർ അഞ്ജുഷയ അവതരിപ്പിച്ച നാടോടി നൃത്തം

 

മലപ്പുറം
അർധനാരീശ്വരസങ്കൽപ്പം അരങ്ങിലെത്തിച്ച്‌ അഞ്‌ജുഷയ. മാറ്റിനിർത്തലിന്റെ ലോകത്ത്‌ ചുവടുകളിലുയർന്നു ‘അവൾ’. 
കുടുംബശ്രീ ജില്ലാ കലോത്സവം ‘അരങ്ങ്‌ 2019’ നാടോടിനൃത്തം ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ഏക മത്സരാർഥിയായിരുന്നു  തിരൂർ സമന്വയ കുടുംബശ്രീയിലെ അഞ്‌ജുഷയ. പൊതുഇടങ്ങളിൽ ലഭിക്കുന്ന ഇത്തരം അവസരങ്ങളിൽ ഏറെ സന്തോഷമുണ്ടെന്ന്‌ അഞ്‌ജുഷയ പറഞ്ഞു. 
‘‘എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ ആദ്യമായി നൃത്തം ചെയ്യുന്നത്‌. സ്ത്രീവേഷത്തിൽ തന്നെ. പഠനകാലത്ത്‌ ഹോസ്റ്റലിലും മറ്റും അനുഭവിച്ച വിഷമതകളേറെ. 
എവിടെയും അവഗണന മാത്രമായിരുന്നു. തന്നിലെ മാറ്റം ആദ്യം പങ്കുവച്ചത്‌ ഉമ്മയോടായിരുന്നു. 
ആട്ടിയോടിക്കാതെ ചേർത്തുപിടിക്കുകയാണ്‌ ഉമ്മ ചെയ്തത്. അത്‌ വലിയ ആശ്വാസമായി. 
സമൂഹം ഞങ്ങളെ ഉൾക്കൊള്ളാൻ ഇനിയും തയ്യാറല്ല എന്ന യാഥാർഥ്യം വലിയ വേദന തന്നെയാണ്‌. 
പൂർണമായി സ്‌ത്രീയാവാൻ കഴിഞ്ഞിട്ടില്ല. ശസ്‌ത്രക്രിയയിലൂടെ പൂർണ മാറ്റം സാധ്യമാണ്‌. പക്ഷേ വീട്ടുകാർക്ക്‌ താൻ കാരണം പ്രശ്‌നമുണ്ടാകരുതെന്ന കരുതലിലാണ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ തയ്യാറാവാത്തത്‌. ഒഴിവുസമയങ്ങളിൽ വീട്ടിൽ പോവാറുണ്ട്‌. 
എന്നാൽ  ഇഷ്ടവേഷത്തിൽ  പോവാൻ കഴിയാറില്ല. വിവിധ ആഘോഷങ്ങൾക്ക്‌ മെയ്‌ക്കപ്പ്‌ ചെയ്‌തുകൊടുത്തും പരിപാടികളിൽ പാട്ടുപാടിയും ഡാൻസ്‌ പരിപാടി നടത്തിയുമാണ്‌ ജീവിതമെന്നും അഞ്‌ജുഷയ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top