06 December Friday

പൊതുവിദ്യാലയങ്ങളിൽ കുതിപ്പ‌്; വർധിച്ചത‌് 8120 വിദ്യാർഥികൾ

സ്വന്തം ലേഖകൻUpdated: Thursday Jul 18, 2019
 
മലപ്പുറം
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പ‌് അധ്യയനവർഷം വർധിച്ചത‌്  8120 വിദ്യാർഥികൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കിയശേഷം തുടർച്ചയായി  മൂന്നാം വർഷവും സ്വകാര്യ വിദ്യാലയങ്ങളിൽനിന്ന‌് പൊതുവിദ്യാലയങ്ങളിലേക്ക‌് വിദ്യാർഥികളുടെ ഒഴുക്കാണ‌്. സംസ്ഥാനത്താകെ  ഈ വർഷം 1.63 ലക്ഷം കുട്ടികൾ പുതുതായി പൊതു വിദ്യാലയങ്ങളിൽ ചേർന്നു. 
ഭൗതിക സാഹചര്യത്തിലും ഉള്ളടക്കത്തിലും സാമൂഹ്യ പങ്കാളിത്തത്തിലുമുണ്ടായ  മാറ്റമാണ് പൊതുവിദ്യാഭ്യാസ രംഗത്തെ ആകർഷകമാക്കിയത്. 
വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബിവഴി 141 സ്‌കൂളുകൾക്ക് അഞ്ച‌് കോടി രൂപയും  395 സ്‌കൂളുകൾക്ക് മൂന്ന‌് കോടി രൂപയും 444 പ്രൈമറി വിദ്യാലയങ്ങൾക്ക് ഒരുകോടി രൂപയുമാണ‌് സംസ്ഥാന സർക്കാർ അനുവദിച്ചത‌്. 
ഇതിനുപുറമേ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 138 സ്‌കൂളുകൾക്ക് ഒരുകോടി രൂപയും അനുവദിച്ചു. കൂടാതെ എയ്ഡഡ് വിദ്യാലയ വികസനത്തിനായി ചലഞ്ച് ഫണ്ട് ഏർപ്പെടുത്തി. ജില്ലയിൽ 16 സ്‌കൂളുകൾക്ക് അഞ്ച‌് കോടി രൂപയും 86 സ്‌കൂളുകൾക്ക് മൂന്നുകോടി രൂപയും 66 സ്‌കൂളുകൾക്ക് ഒരുകോടി രൂപയും അനുവദിച്ചു. നാല‌് വിദ്യാലയങ്ങളിൽ നിർമാണ പ്രവൃത്തി പൂർത്തിയായി. മറ്റ് വിദ്യാലയങ്ങളിൽ പ്രവൃത്തി പുരോഗമിക്കുകയാണ‌്.  സംസ്ഥാനത്താകെ എട്ട‌ുമുതൽ 12 വരെ ക്ലാസുകളിലായി 45,000 ക്ലാസ് മുറികൾ ഹൈടെക് ആയി. ഇതിൽ 6800 ക്ലാസ് മുറികളും മലപ്പുറത്താണ്. 
59,772 ലാപ്‌ടോപ്പുകൾ, 43,422 മൾട്ടിമീഡിയ പ്രൊജക്ടറുകൾ, 13,798 ബ്രോഡ‌് ബാൻഡ‌് കണക്ഷനുകൾ, 4578 ഡിഎസ്എൽആർ ക്യാമറകൾ, 4206 ടിവി സെറ്റുകൾ, 4576 വെബ് ക്യാമറകൾ എന്നിവ സ്‌കൂളുകൾക്ക് നൽകി.  9941 പ്രൈമറി വിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറികൾ ആരംഭിക്കുന്നതിനുള്ള ഐടി ഉപകരണങ്ങൾ വിതരണംചെയ്തുവരുന്നു.
അക്കാദമിക രംഗത്തും മുന്നേറ്റം പ്രകടമാണ‌്. ജില്ലയിൽ 5908 കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. എൽഎസ്എസ്, യുഎസ്എസ് പരീക്ഷയിലും ജില്ലയിൽ മികച്ച വിജയമുണ്ടായി. 2333 കുട്ടികൾക്ക് എൽഎസ്എസും 1771 കുട്ടികൾക്ക് യുഎസ്എസും
 ലഭിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ  1200ൽ 1200 മാർക്കും നേടിയ കുട്ടികളുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ടായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top