23 March Saturday

ആ ചരിത്രനിമിഷം പിറന്നപ്പോൾ...

പാലോളി കുഞ്ഞിമുഹമ്മദ‌്Updated: Monday Jun 18, 2018

1969 ജൂൺ 16ന്‌ മലപ്പുറം ജില്ലാ രൂപീകരണ വാർത്തയുമായി പുറത്തിറങ്ങിയ ദേശാഭിമാനി പത്രം

രാജ്യത്തിനകത്തും പുറത്തും കൊടുമ്പിരികൊണ്ട വിവാദങ്ങൾക്കിടയിലായിരുന്നു മലപ്പുറം ജില്ലാ രൂപീകരണം. നാടിന്റെ വികസനം ലക്ഷ്യമിട്ട‌ാണ‌് 1969ൽ അധികാരത്തിൽ വന്ന സപ്തകക്ഷി സർക്കാർ ഈ ജില്ലക്ക് രൂപംനൽകിയത്. മഹാനായ ഇ എം എസിന്റെ നേതൃത്വത്തിൽ സപ്തകക്ഷി മന്ത്രിസഭയായിരുന്നു അന്ന് കേരളം ഭരിച്ചിരുന്നത്. സിപിഐ എം, സിപിഐ, മുസ്ലിംലീഗ്, എസ്എസ്പി, ആർഎസ്പി, കെടിപി, കെഎസ്പി എന്നീ രാഷ്ട്രീയ പാർടികളുടെ പ്രതിനിധികളായിരുന്നു അന്നത്തെ മന്ത്രിസഭാംഗങ്ങൾ. 
കോഴിക്കോട് ജില്ലയുടെ തെക്ക് ഭാഗത്തും പാലക്കാട് ജില്ലയുടെ വടക്ക് ഭാഗത്തും സ്ഥിതിചെയ്തിരുന്ന പ്രദേശങ്ങൾ അക്കാലത്ത് തീർത്തും വിവിധ കാരണങ്ങളാൽ അവികസിത ഭൂഭാഗമായിരുന്നു. ആ പ്രദേശങ്ങളുടെ ത്വരിത വികസനത്തിന് പ്രസ്തുത പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ജില്ല രൂപീകരിക്കുക എന്നത് ആവശ്യം മാത്രമല്ല അനിവാര്യം കൂടിയാണെന്ന് അന്നത്തെ സർക്കാരിന് അഭിപ്രായമുണ്ടായി. ഒരു പ്രദേശത്തിന്റെ സമ്പൂർണ വികസനവും വളർച്ചയും മുതലാളിത്ത വ്യവസ്ഥയിൽ ജില്ല രൂപീകരിച്ചത് കൊണ്ട് മാത്രം നടപ്പാക്കാൻ കഴിയുമെന്ന ബോധ്യമൊന്നും അന്നത്തെ സർക്കാരിന് ഉണ്ടായിരുന്നില്ല. പക്ഷേ സാമൂഹികവും സാമ്പത്തികവുമായ അവഗണനയാൽ പിന്തള്ളപ്പെട്ട പ്രദേശത്തിന്റെ പുരോഗതിക്ക് ജില്ലാ രൂപീകരണം അൽപ്പമെങ്കിലും ഗുണംചെയ്യുമെന്ന് അന്നത്തെ ഭരണകക്ഷികൾക്ക് തോന്നി. സാമാന്യ ജനങ്ങളുടെ അഭിപ്രായവും അതായിരുന്നു. ജില്ലക്കെതിരെ വലിയ എതിർപ്രവർത്തനങ്ങളും യുക്തിക്ക് നിരക്കാത്ത വിമർശവുമുണ്ടായി. അതെല്ലാം അവഗണിച്ചാണ‌് മലപ്പുറം ജില്ലയുടെ പിറവി. 
ജില്ല രൂപീകരിച്ച് 50 വർഷമാകുമ്പോൾ, പുരോഗതിയും വികസനവുമൊക്കെ സപ്തകക്ഷി സർക്കാർ മുൻകൂട്ടി കണ്ടതുപോലെ തന്നെയാണ് മുന്നേറിയത്. വിചാരിച്ചത് പോലെ വികസന കാര്യത്തിൽ മുന്നോട്ട് കുതിക്കാൻ കഴിഞ്ഞില്ല. കാരണങ്ങൾ പലതായിരുന്നു. എന്നിരുന്നാലും ഏത് ലക്ഷ്യത്തിന് വേണ്ടിയാണോ ജില്ല രൂപീകരിക്കാൻ തീരുമാനിച്ചത് ആ ലക്ഷ്യം ഒട്ടേറെ സാക്ഷാല്‍ക്കരിക്കാനായി. സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളത്തിൽ ഇതുവരെ മാറിമാറിവന്ന ഇടത്‐വലത് സർക്കാരുകളുടെ നയപരിപാടികളും പ്രവർത്തന രീതികളും വികസന പ്രവർത്തങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച കാഴ്ചപ്പാടുകളും ജില്ലയുടെ വികസന വേഗം മന്ദഗതിയിലാക്കിയിട്ടുണ്ട്. നാടിന്റെ സമഗ്ര വികസന ലക്ഷ്യമെന്ന കാഴ്ചപ്പാട് ഒരിക്കലും വലതുപക്ഷ സർക്കാരുകൾക്കുണ്ടായിരുന്നില്ല. വ്യക്തിഗതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾ മാത്രമായിരുന്നു യുഡിഎഫ് സർക്കാരിന്റെ വികസന താൽപ്പര്യം. അതിന് വിപരീതമായി, സാമാന്യ ജനങ്ങളുടെ താൽപ്പര്യങ്ങൾ മാനിച്ച‌് ഇടതുപക്ഷ സർക്കാരുകൾ നിരവധി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി നടപ്പാക്കി. 
ഭരണതുടർച്ച ഇല്ലാത്തതിനാൽ ജനക്ഷേമകരമായ പ്രവർത്തന പദ്ധതികൾ ഇടതുപക്ഷ മുന്നണിക്ക് നടപ്പാക്കാൻ കഴിഞ്ഞില്ല. 
സപ്തകക്ഷി ഗവൺമെന്റ് മലപ്പുറം ആസ്ഥാനമാക്കി പ്രഖ്യാപിച്ച ജില്ലാ രൂപീകരണത്തെ അതിന്റെ പ്രഖ്യാപനംമുതൽ രൂപീകരണംവരെ പല്ലും നഖവുമുപയോഗിച്ച് എതിർത്തവരായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇന്നത്തെ ഭാരതീയ ജനതാ പാർടിയായ അന്നത്തെ ഭാരതീയ ജനസംഘവും. ഇരുവിഭാഗവും ചേർന്ന് ജില്ലാ രൂപീകരണവിരുദ്ധ സമിതി രൂപീകരിച്ച് പ്രചാരണമാരംഭിച്ചു. പ്രചാരണ ജാഥകളും സത്യഗ്രഹവും പിക്കറ്റിങ്ങും തുടങ്ങിയ സമരരൂപങ്ങളെല്ലാം അരങ്ങേറി. കേളപ്പനും മാരാരും ആര്യാടനുമെല്ലാം ഇ എം എസ് ആണ് ജില്ല രൂപീകരിക്കാൻ കാരണമെന്നത് കൊണ്ട് മാത്രം കള്ളപ്രചാരണങ്ങളാൽ എതിർപ്പ് പ്രകടിപ്പിച്ചു. ജില്ല രൂപീകരിച്ചാൽ തന്റെ ഉള്ളം കൈയിൽനിന്ന് പന പറിക്കുമെന്ന് വരെ ഒരു കോൺഗ്രസ് നേതാവ് പ്രസംഗിച്ചു. പീക്കിങ്ങിൽ (ചൈന)നിന്നും കറാച്ചി (പാകിസ്ഥാൻ)യിൽനിന്നും അറബിക്കടലിലൂടെ മുങ്ങികപ്പൽ വന്ന് പൊന്നാനിയിലും താനൂരിലും പൊങ്ങുമെന്നും അങ്ങനെ നമ്മുടെ രാജ്യംതന്നെ പിടിച്ചടക്കുമെന്നുംവരെ ഇക്കൂട്ടർ ദുഷ്പ്രചാരണം നടത്തി. 
ജില്ലയുടെ ആസ്ഥാനം മലപ്പുറത്ത് വേണോ  മഞ്ചേരി വേണോ എന്നത് വച്ച് ജനങ്ങൾക്കിടയിൽ തർക്കമുണ്ടായി. മലപ്പുറംകാർ മലപ്പുറത്തും മഞ്ചേരിയിലുള്ളവർ മഞ്ചേരിയിലും ആസ്ഥാനം വേണമെന്ന് വാശിപിടിച്ചു. വാശി യാഥാർഥ്യമാക്കാൻ കൺവൻഷനുകളും പ്രചാരണങ്ങളും സംഘടിപ്പിച്ചു. മലപ്പുറത്ത് ചേർന്നൊരു കൺവൻഷനിൽ ഒരു കെപിസിസി നേതാവ് ജില്ലാ ആസ്ഥാനം മലപ്പുറത്ത് തന്നെ വേണമെന്ന് വാശിപിടിച്ച് സംസാരിച്ചത് ജനങ്ങൾക്ക് വളരെയേറെ രസകരമായി തോന്നി. ‘ജില്ല വേണ്ടാത്ത കോൺഗ്രസ് നേതാവിന് ജില്ലാ ആസ്ഥാനം മലപ്പുറത്ത് വേണം’ എന്നാണ് ആ കൺവൻഷൻ വാർത്തക്ക് ദേശാഭിമാനി പിറ്റേദിവസം കൊടുത്ത തലക്കെട്ട്. 
കോൺഗ്രസുകാരും ബിജെപിക്കാരും സമരം മുറപോലെ നടത്തി. വടക്കേ ഇന്ത്യയിൽനിന്നുപോലും ഹൈന്ദവ വർഗീയ സംഘടനകളുടെ പ്രതിനിധികൾ പ്രക്ഷോഭത്തിനായി മലപ്പുറത്തെത്തി. അങ്ങാടിപ്പുറത്തെ തളിക്ഷേത്ര നിർമാണ പ്രശ്നവും ജില്ലാ രൂപീകരണ ഘട്ടത്തിൽ കൂട്ടിക്കുഴച്ച് പ്രചാരണായുധമാക്കി. അതിന്റെ പേരിലും അങ്ങാടിപ്പുറത്ത് സത്യഗ്രഹവും പിക്കറ്റിങ്ങുമുണ്ടായി. സമര പരിപാടികൾ മലപ്പുറത്ത് ദിവസങ്ങളോളം നീണ്ടുനിന്നു. അതേസമയം ജില്ലാ രൂപീകരണത്തിനുള്ള പ്രവർത്തനങ്ങളും സർക്കാർ ഭാഗത്ത് സജീവമായി. 
മലപ്പുറത്ത് വർഗീയ കലാപം നടക്കുമെന്ന് കുപ്രചാരണം രാജ്യത്തിന്റെ പല ഭാഗത്തുമുണ്ടായി. എന്നാൽ കോൺഗ്രസിലെയും ബിജെപിയിലെയും വർഗീയവാദികൾ ആഗ്രഹിച്ചത് പോലെ ഇവിടെയൊന്നും നടന്നില്ല. മലപ്പുറം മതസൗഹാർദത്തിന്റെ വിളനിലമായി നിലകൊണ്ടു. 
1969 ജൂൺ 16ന്  രാവിലെ ഒമ്പതിന് മലപ്പുറം ജില്ല യാഥാർഥ്യമായി. മലപ്പുറം ﹣പെരിന്തൽമണ്ണ റോഡിൽ എംഎസ്പി കാന്റീനിന്റെ മുൻവശത്ത് മുമ്പ് സബ് കലക്ടറുടെ ഓഫീസായി സ്ഥിതിചെയ്തിരുന്ന ചെറിയ കെട്ടിടത്തിലാണ് കലക്ടറേറ്റ് പ്രവർത്തിക്കാൻ തീരുമാനിച്ചത്. കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ കെട്ടിടം. ആ കെട്ടിടത്തിന്റെ അങ്കണത്തിലുള്ള കൊടിമരത്തിൽ കലക്ടറായി നിയമിതനായ കെ ഭാസ്കരൻ നായർ രാവിലെ ഒമ്പതരക്ക് മൂവർണക്കൊടി ഉയർത്തി. കടലുണ്ടിപ്പുഴയെ തഴുകിവന്ന ഇളംകാറ്റ് കൊടിമരത്തിന്റെ ഉയരത്തിൽ ത്രിവർണ പതാക പാറിപറന്നപ്പോൾ തടിച്ചുകൂടിയ ജനസഹസ്രം ഹർഷാരവം മുഴക്കി. 
അതേസമയം ഉദ്ഘാടന പരിസരത്ത് നിന്നും 200 മീറ്റർ അകലെ മലപ്പുറം റോഡിൽ സമരസമിതിക്കാർ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചു. വടക്കേ ഇന്ത്യയിൽനിന്നെത്തിയ ഹൈന്ദവ വർഗീയ വാദികളടക്കമുള്ളവർ പങ്കെടുത്ത കുത്തിയിരിപ്പിന് കെ കേളപ്പൻ നേതൃത്വംനൽകി. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി. ജനങ്ങളുടെ അഭിലാഷവും ആവശ്യവുമായിരുന്ന മലപ്പുറം ജില്ലയുടെ വരവേൽപ്പ് സർക്കാർ ആഭിമുഖ്യത്തിൽ വേണ്ടതില്ല എന്നാണ് അന്ന് ഗവൺമെന്റ് തീരുമാനിച്ചത്. അതുകൊണ്ട് അന്നത്തെ മന്ത്രിമാരാരും ആഘോഷ പരിപാടികളിൽ പങ്കെടുത്തില്ല. മലപ്പുറത്തും ജില്ലാ ആസ്ഥാനത്തും അന്ന് വൈകിട്ട് സിപിഐ എം സംഘടിപ്പിച്ച പരിപാടിയില്‍ എംഎൽഎമാരായിരുന്ന കെ ചാത്തുണ്ണി മാസ്റ്റർ, പി ഗോവിന്ദപിള്ള എന്നിവരാണ് പ്രസംഗിച്ചത്. ജില്ലയിലെമ്പാടും ആഘോഷ പരിപാടികളുണ്ടായി. 
ജില്ലാ രൂപീകരണ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്ന് എത്തിയ പത്രലേഖകർ കലക്ടർ ഭാസ്കരൻ നായരോട് ചോദിച്ചു. ‘ഇവിടെയൊരു വർഗീയ സംഘർഷം ഉണ്ടാവുമെന്ന് കരുതുന്നുണ്ടോ? ഇല്ല, ഒരിക്കലുമില്ല’ എന്നായിരുന്നു കലക്ടറുടെ മറുപടി. 
ജില്ല നിലവിൽ വന്ന് അമ്പതാണ്ടിലേക്ക് പ്രവേശിക്കുമ്പോൾ രൂപീകരണം അത്യാവശ്യമായിരുന്നു എന്ന് എല്ലാവരും അംഗീകരിക്കുന്നു. പലതും പറഞ്ഞ് എതിർത്തവർ ഇന്ന് ജില്ലയുടെ പേരിൽ അവരുടെ അധീശത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നു.
പ്രധാന വാർത്തകൾ
 Top