22 September Sunday

പ്രളയം തോറ്റു; വിനോദ സഞ്ചാരത്തിൽ കുതിപ്പ്

ജോബിൻസ‌് ഐസക‌്Updated: Saturday May 18, 2019

നിലമ്പൂർ കനോലിയിലെ തൂക്കുപാലം

മലപ്പുറം> നാടിനെയാകെ ഉലച്ച പ്രളയകാലത്തിനുശേഷം ജില്ലയിലെ ടൂറിസം രംഗം ഉണർവിലേക്ക‌്. അവധിക്കാലം ആഘോഷിക്കാൻ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം തിരക്കായി. നോമ്പ് തുടങ്ങുന്നതിനു മുമ്പ‌് അഭൂതപൂർവമായ തിരക്കാണ്‌ നിലമ്പൂരടക്കം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം കണ്ടത‌്. പ്രളയം തകർത്ത വണ്ടൂർ കേരളാംകുണ്ട‌് വെള്ളച്ചാട്ടത്തിലെ ടൂറിസം കേന്ദ്രവും ഭാരതപ്പുഴയിലെ കുറ്റിപ്പുറം നിളയോരം പാർക്കും  പുനരുദ്ധരിക്കുന്ന പ്രവൃത്തി  തുടങ്ങി. ഇവിടെ സഞ്ചാരികളെ പ്രവേശിപ്പിച്ചുതുടങ്ങി. 

കിഴക്ക‌് പശ്ചിമഘട്ട മലനിരകളും പടിഞ്ഞാറ‌് അറബിക്കടലും അതിരിടുന്ന ജില്ലയുടെ ടൂറിസം ഭൂപടം കൂടുതൽ ആകർഷകമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഭാരതപ്പുഴയും കടലുണ്ടിപ്പുഴയും തിരൂർ പുഴയും ചാലിയാറും അവയുടെ കൈവഴികളും വെള്ളച്ചാട്ടങ്ങളും അരിമ്പ്ര കുന്നുകളും ഇനി സഞ്ചാരികൾക്ക‌് മധുരമൂറുന്ന ദൃശ്യാനുഭവം പകരും.   ടൂറിസം വകുപ്പിന്റെമാത്രം 20 കോടിയുടെ പദ്ധതികളാണ‌് ജില്ലയിൽ പുരോഗമിക്കുന്നത‌്.  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എല്ലാറ്റിനും മുന്നിലുണ്ട‌്.    പടിഞ്ഞാറെക്കര ബീച്ചിൽ പശ‌്ചാത്തല  സൗകര്യങ്ങളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും 43 ലക്ഷം രൂപയാണ് അനുവദിച്ചത‌്. ബിയ്യം ബ്രിഡ‌്ജ‌് നവീകരണത്തിന‌് 16 ലക്ഷം നീക്കിവച്ചു. കുട്ടികളുടെ കളിയുപകരണങ്ങളും ഗാർഡൻ ബെഞ്ചുകളും ഇവിടെ ഒരുക്കും.
 
പൊന്നാനിയിലെ ചമ്രവട്ടം റിസർവോയർ പദ്ധതി പ്രദേശത്ത‌് സാംസ‌്കാരിക  കേന്ദ്രം സ്ഥാപിക്കുന്നതിന‌് 1.6 കോടി രൂപ, പൊന്നാനി ബിയ്യം കായൽ വികസനത്തിന് 1.09 കോടി  രൂപയുടെ പദ്ധതി എന്നിവ ആവിഷ‌്കരിച്ച് നടപ്പാക്കുന്നുണ്ട‌്. ചമ്രവട്ടം പുഴയോര സ‌്നേഹപാത  ഒന്നാംഘട്ട പ്രവൃത്തികൾക്ക‌് 1.36 കോടിയാണ‌് ചെലവഴിക്കുക.  ബാരിയർ ഫ്രീ കേരള ടൂറിസം പദ്ധതിയുടെ ഭാഗമായി 95.57 ലക്ഷം രൂപ മലപ്പുറത്തിന‌് നൽകും. ചമ്രവട്ടം പുഴയോര സ‌്നേഹപാത രണ്ടാംഘട്ട പ്രവൃത്തികൾക്ക‌് ഒരു കോടിയും  പൊന്നാനി ടൂറിസം ട്രയാങ്കിൾ, കർമ റോഡ‌് ബ്യൂട്ടിഫിക്കേഷൻ എന്നിവയ‌്ക്ക‌് നാലുകോടിയുമുണ്ട‌്. പൊന്നാനിയിൽ നിള ഹെറിറ്റേജ്‌ മ്യൂസിയം നിർമാണത്തിനായി 3.56 കോടി രൂപ നൽകി. കുറ്റിപ്പുറം നിളയോരം പാർക്ക‌് വിപുലീകരിക്കുന്നതിന‌് മൂന്ന് കോടിയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട‌്.
 
കോട്ടക്കുന്ന‌് സൗന്ദര്യവൽക്കരണത്തിനും കാർപ്പെറ്റ‌് വിരിക്കുന്നതിനും ഒരുകോടി രൂപ അനുവദിച്ചു. ‘കോട്ടക്കുന്ന്  എ ഡെവലപ്പിങ‌് ഡെസ്റ്റിനേഷൻ ഇൻ മലപ്പുറം’  ടൂറിസം പദ്ധതിയുടെ പ്രവൃത്തികൾ  രണ്ടുകോടി രൂപയുടെ ഭരണാനുമതിയിൽ നടന്നുവരുന്നു.  ജില്ലയിലെ  വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ ടൂറിസം വകുപ്പ് അനുവദിച്ച 95.57 ലക്ഷം രൂപ ചെലവിൽ ബാരിയർ ഫ്രീ കേരള ടൂറിസം പദ്ധതി മലപ്പുറം ഡിടിപിസിയുടെ കീഴിലുള്ള 13 ടൂറിസം കേന്ദ്രങ്ങളിൽ പ്രവൃത്തികൾ പൂർത്തിയായി വരുന്നു. ഇതിന്റെ ഭാഗമായി കോട്ടക്കുന്നിൽ കൈവരിയുള്ള റാമ്പുകൾ, ഭിന്നശേഷി സൗഹൃദ ടോ‌യ‌്‌ലറ്റുകൾ, ബ്രയിൽ ലിപിയിലുള്ള ദിശാസൂചകം, ശ്രവണ വഴികാട്ടി, വീൽചെയർ, വാക്കിങ്‌ സ്റ്റിക്ക്, സ‌്ട്രക‌്ച്ചറുകൾ എന്നിവ ഏർപ്പെടുത്തും.  ‘അഗ്രോ ടൂറിസം പ്രോജക്ട് ഫോർ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷൻ, ആനക്കയം പദ്ധതി' നിലവിൽ പൂർത്തീകരിച്ചു.
 
40 ലക്ഷമാണ‌് ചെലവഴിച്ചത‌്. തിരൂർ ടൂറിസം പദ്ധതിക്ക‌് 1.57 കോടി അനുവദിച്ചു.   90 ലക്ഷം രൂപ മുടക്കി പൂന്താനം സാംസ‌്ക്കാരിക നിലയം നവീകരിക്കുന്നു.  സാംസ‌്ക്കാരിക കേരളത്തിന്റെ അഭിമാന സ്ഥാപനമായ തിരൂർ തുഞ്ചൻ മെമ്മോറിയൽ ട്രസ‌്റ്റ‌് ആൻഡ‌് റിസർച്ച‌് സെന്ററിൽ വിപുലമായ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ‌്. രണ്ട‌് കോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ‌് ആരംഭിച്ചത‌്.  രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ തീർഥാടകർക്കും പക്കമേളക്കാർക്കും വിശ്രമിക്കാൻ സൗകര്യമൊരുക്കുന്നതിനായി  8.50 ലക്ഷം നൽകും. തൃക്കളയൂർ ശിവ ക്ഷേത്രത്തിൽ അഞ്ച‌് ആല്‍ത്തറകൾ നവീകരിക്കും.  16.15 ലക്ഷം അനുവദിച്ചിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top