16 September Monday

പൊന്നുവിന് പഠിക്കണം, സുമനസ്സുകളുടെ കരുണയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019

പാട്ടക്കരിമ്പ് പുഞ്ച അരനാടൻ കോളനിയിലെ പൊന്നു മുത്തശ്ശി ചാത്തിയോടൊപ്പം

 

പൂക്കോട്ടുംപാടം
അന്യം നിന്നുപോകുന്ന ആദിവാസി ഗോത്രസമൂഹത്തിലെ അരനാടൻ വിഭാഗത്തിൽനിന്നാണ‌് പൊന്നു എസ‌്എസ‌്എൽസി നല്ലനിലയിൽ പാസായത‌്. പക്ഷെ,  ഉന്നത പഠനത്തിനുള്ള പൊന്നുവിന്റെ ആഗ്രഹത്തിന‌് കടമ്പകളേറെയാണ‌്.  പഠന ചെലവുകൾ ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറായാൽമാത്രമേ ഈ മിടുക്കിക്ക‌് ഇനി തുടർ പഠനം സാധ്യമാകൂ. 
അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ് പുഞ്ച അരനാടൻ കോളനിയിലെ ചാത്തിയുടെ പേരമകളാണ് പൊന്നു. മകളെ പ്രസവിച്ചശേഷം അമ്മ മറ്റൊരാളുടെ കൂടെപോയി. അച്ഛൻ വേറെ കല്യാണവുംകഴിച്ചു. പിന്നീട് മുത്തശ്ശി ചാത്തിയാണ് പൊന്നുവിനെ വളർത്തിയതും  പഠിപ്പിച്ചതും. പട്ടിണിയും ദാരിദ്യവും കാരണം പലപ്പോഴും പഠനം മുടങ്ങി.  ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചെങ്കിലും സാഹചര്യവുമായി പൊരുത്തപ്പെടാനാവാത്തതിനാൽ പലപ്പോഴും വീട്ടിൽ തിരിച്ചെത്തി. പാട്ടക്കരിമ്പ് പുഞ്ചയിൽനിന്ന് 12 കിലോമീറ്ററോളം ദൂരമുണ്ട് പൂക്കോട്ടുംപാടം ഗവ. ഹൈസ്കൂളിലേക്ക്. അതിനാൽ യാത്രക്ക‌് പണംവേണം. 70 കഴിഞ്ഞ മുത്തശ്ശി ചാത്തി വനവിഭവങ്ങൾ ശേഖരിച്ച് കിട്ടുന്ന തുച്ഛ തുകയാണ‌് ഏക വരുമാനം. ഹൈസ്കൂളിലെ അധ്യാപകരും പിടിഎ ഭാരവാഹികളുമാണ് പൊന്നുവിന്റെ പഠനത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നത്. സ്കൂളിൽനിന്ന് അധ്യാപകരെത്തിയാണ് പ്ലസ് ടുവിന് അപേക്ഷ പൂരിപ്പിച്ചുനൽകിയത‌്. ഉപരിപഠനത്തിന‌് സീറ്റ‌് ലഭിച്ചാലും പഠന ചെലവുകൾക്ക‌് തുക കണ്ടെത്താൻ  സുമനസ്സുകളുടെ സഹായം വേണം.
പ്രധാന വാർത്തകൾ
 Top