20 August Tuesday

ജവാന്മാരുടെ പേരിൽ ‘മോഡി തന്ത്രം’ പയറ്റി രാഹുലും

സ്വന്തം ലേഖകൻUpdated: Thursday Apr 18, 2019

 

കൽപ്പറ്റ
നരേന്ദ്രമോഡിക്ക‌് പിന്നാലെ ജവാന്മാരെ തെരഞ്ഞെടുപ്പ‌്  നേട്ടത്തിന‌് ഉപയോഗിച്ച‌്  രാഹുലും.  തിരുനെല്ലിയിൽ ബുധനാഴ്ച പിതൃതർപ്പണത്തിന‌് എത്തിയ രാഹുൽ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാർക്കും ബലിയിട്ടുവെന്ന പ്രഖ്യാപനം നടത്തിയാണ‌്  നേട്ടം കൊയ്യാൻ കോൺഗ്രസ‌് ശ്രമിക്കുന്നത‌്. ജവാന്മാരെ രാഷ‌്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന  മോഡിയുടെ തന്ത്രം രാഹുലും പയറ്റുകയാണ‌്. 
  രാഷ‌്ട്രീയ പ്രചാരണത്തിന‌്  ജവാന്മാരെ ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ‌് കമീഷന്റെ കർശന നിർദേശം നിലനിൽക്കെയാണ‌് പട്ടാളത്തെ ഉപയോഗിച്ചുള്ള രാഹുലിന്റെ രാഷ‌്ട്രീയക്കളി. പാപനാശിനിയിലെ പിതൃതർപ്പണത്തിന‌് രാഹുലിനൊപ്പം ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ‌് ജവാന്മാർക്കായി രാഹുൽ ബലിയിട്ടുവെന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത‌്. ബലികർമത്തിനു ശേഷമെത്തിയ രാഹുൽ മാധ്യമങ്ങളോട‌് സംസാരിക്കാൻ തയ്യാറായില്ല.
പുൽവാമ ഭീകരാക്രമണത്തിന‌് സൈന്യം നൽകിയ തിരിച്ചടി തന്റെ നേട്ടമാണെന്ന‌് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രചരിപ്പിക്കുന്നതിനിടയിലാണ‌് സൈന്യത്തിന്റെ പേരിൽ അതിവൈകാരികത ഉണർത്താനുള്ള എഐസിസി അധ്യക്ഷന്റെ ശ്രമം. വീരമൃതുവരിച്ച മുഴുവൻ ജവാന്മാർക്കും ബലിയിട്ടുവെന്നും വേണുഗോപാൽ പറഞ്ഞു.  
കേരളത്തിലും കോൺഗ്രസ‌് മൃദുഹിന്ദുത്വ സമീപനം ഉപേക്ഷിക്കില്ലെന്നതിന്റെ പ്രഖ്യാപനം കൂടിയായി രാഹുലിന്റെ ബലിയിടൽ.
പ്രധാന വാർത്തകൾ
 Top