26 May Sunday

നിലമ്പൂർ ഐടിഐ ഹോസ‌്റ്റലുകൾ തയാർ

സ്വന്തം ലേഖകൻUpdated: Thursday Apr 18, 2019
നിലമ്പൂർ
നിലമ്പൂർ ഐടിഐ ബോയ്സ്, --ഗേൾസ് ഹോസ്റ്റലുകൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. മന്ദഗതിയിലായിരുന്ന ഹോസ്റ്റൽ നിർമാണം പിണറായി സർക്കാർ അധികാരമേറ്റതോടെ പി വി അൻവർ എംഎൽഎ ഇടപെട്ട് ദ്രുതഗതിയിലാക്കുകയായിരുന്നു. പട്ടികജാതി-–-വർഗ വിദ്യാർഥികൾക്ക് 80 ശതമാനം സംവരണമുള്ള സംസ്ഥാനത്തെ മൂന്ന് സർക്കാർ ഐടിഐകളിലൊന്നാണ‌് നിലമ്പൂരിലേത‌്. അഞ്ച് ട്രേഡിലായി 40 പെൺകുട്ടികളും 160 ആൺകുട്ടികളുമടക്കം 200 പേരാണ‌് ഇവിടെ പഠിക്കുന്നത്.  സ്വകാര്യവീടുകൾ വാടകക്കെടുത്തായിരുന്നു താമസം. നിർധന കുടുംബാംഗങ്ങളായ  അവരുടെ ദുരിതം ശ്രദ്ധയിൽപ്പെട്ട വി എസ് സർക്കാരാണ് ഹോസ്റ്റലിന് ഫണ്ടനുവദിച്ചത്.  എ കെ ബാലൻ വകുപ്പുമന്ത്രിയായിരിക്കെ ഐടിഐക്ക് രണ്ടുകോടി 23 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. ഐടിഐക്ക് പിന്നിലായി സ്ഥലം കണ്ടെത്തി. മരാമത്ത് വകുപ്പിലെ സംസ്ഥാന കൺസ്ട്രക്ഷൻ കോർപറേഷനായിരുന്നു നിർമാണചുമതല. എന്നാൽ പിന്നീട് വന്ന യുഡിഎഫ് സർക്കാർ തുക കൂട്ടിയെങ്കിലും നിർമാണം തുടങ്ങിയില്ല. ഒരുവർഷംകൊണ്ട് പൂർത്തീകരിക്കേണ്ട ഹോസ്റ്റൽ പണി സ്തംഭിച്ചു. എൽഡിഎഫ‌് സർക്കാർ വന്നതോടെ വീണ്ടും പ്രതീക്ഷയായി. പി വി അൻവർ എംഎൽഎ തൊഴിൽ വകുപ്പിൽ ഇടപെട്ട‌് ഹോസ്റ്റൽ നിർമാണം ദ്രുതഗതിയിൽ പുനരാരംഭിക്കുകയുമായിരുന്നു. പെൺകുട്ടികളുടെ ഹോസ്റ്റലിന് ഒരുകോടി 34 ലക്ഷം രൂപയും ആൺകുട്ടികളുടെ ഹോസ്റ്റലിന് രണ്ടുകോടി 35 ലക്ഷം രൂപയുമായി ഇലക്ട്രിക്കൽ ജോലികളുൾപ്പെടെ പൂർത്തീകരിച്ചു.  ആവശ്യമായ വൈദ്യുതി കണക്ഷൻ ലഭിക്കുകയും തൊഴിൽഫണ്ട് അനുവദിക്കുകയും രണ്ട് വാർഡൻ തസ്തിക സൃഷ്ടിക്കുകയുംചെയ്താൽ ഹോസ്റ്റൽ തുറക്കാനാവും. ഫർണിച്ചർ അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഇറങ്ങി.
പ്രധാന വാർത്തകൾ
 Top