29 February Saturday

ഐക്യത്തിന്റെ കരുത്തിൽ

സ്വന്തം ലേഖകൻUpdated: Saturday Jan 18, 2020
മലപ്പുറം
സമുദായ സംഘടനകളും  കല–-സാംസ്‌കാരിക–-ബഹുജന പ്രസ്ഥാനങ്ങളും ചേർന്ന ഭരണഘടനാ സംരക്ഷണ റാലി  മതനിരപേക്ഷ  ഉള്ളടക്കത്താലും  ജനകീയ പങ്കാളിത്തത്താലും വൻ വിജയമായതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്‌ ആത്മവിശ്വാസമേറി.  ഭരണഘടനാവിരുദ്ധ  പൗരത്വ നിയമത്തിനെതിരെ  യോജിച്ച  മതനിരപേക്ഷ പോരാട്ടത്തിന്റെ പ്രസക്തിയും നാടിനെ  ബോധ്യപ്പെടുത്താനായി. മതഭേദമില്ലാതെ ഒറ്റമനസ്സായി ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ പൊരുതിയ ദേശത്തിന്റെ വീരചരിത്രം ഓർമിപ്പിച്ച്‌ ആ പ്രതിരോധത്തിന്റെ അടിത്തറയിടുകയായിരുന്നു റാലി ഉദ്‌ഘാടനംചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയൻ.  സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യസമര പൈതൃകത്തിലൂന്നി 26ന്‌  മലപ്പുറം മനുഷ്യ മഹാശൃംഖലയാകും.  
പ്രതിസന്ധിഘട്ടത്തിൽ മുഖ്യമന്ത്രി ധൈര്യം തന്നെന്നും അദ്ദേഹത്തിൽ വിശ്വാസമാണെന്നും സമസ്‌ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകൾ മലപ്പുറത്തിന്റെ മനസ്സാണ്‌. യോജിച്ച പോരാട്ടത്തിന്‌ തുരങ്കംവച്ച്‌ സംഘപരിവാർ വർഗീയതക്ക്‌ ഇന്ധനംപകരുന്ന ഭിന്നിപ്പിന്റെ ശക്തികളെ കരുതിയിരിക്കാനും റാലി ആഹ്വാനംചെയ്‌തു. രാജ്യത്തിന്റെ ഭരണഘടനയേയും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെയും  ഭരണഘടനാ സ്ഥാപനങ്ങളെയും തകർത്ത ശക്തമായ വർഗീയ ഭരണകൂടത്തിനെതിരാണ്‌ പോരാട്ടം.   കക്ഷിരാഷ്‌ട്രീയ, പാർലമെന്ററി താൽപ്പര്യങ്ങൾക്കപ്പുറം യോജിച്ച പ്രതിരോധത്തിന്റെ മഹാശക്തിയാണ്‌ ബദലെന്ന തിരിച്ചറിവ്‌  ഉയർത്താൻ ഭരണഘടനാ സംരക്ഷണ സമിതിക്കായി. ആത്മാർഥവും സത്യസന്ധവുമായ ഈ  നിലപാടുതറയാണ്‌ ജനവിശ്വാസം ആർജിക്കാൻ അതിന്‌ കരുത്തായത്‌. 
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ അട്ടിമറിക്കുന്ന നിയമത്തിനെതിരെ നിയമനിർമാണ സഭകളും കോടതികളും ജനശക്തിയും പ്രയോജനപ്പെടുത്തിയാണ്‌ പോരാട്ടം. സിഎഎയും പൗരത്വ പട്ടികയും നടപ്പിലാക്കില്ലന്ന്‌ പറയുക മാത്രമല്ല, ഫെഡറൽ സംവിധാനത്തിന്റെ സാധ്യത ഉപയോഗിച്ച്‌ ഭരണഘടനാ തത്വങ്ങൾക്കായി നിലകൊള്ളുന്ന കേരളം രാജ്യത്തിനാകെ മാതൃകയായി. നിയമസഭ  പ്രമേയം പാസാക്കിയതിനർഥം കേരള ജനത  ഒന്നാകെ ഭരണ–-പ്രതിപക്ഷ ഭേദമില്ലാതെ സർക്കാരിനൊപ്പമാണെന്നാണ്‌. അങ്ങനെ ഒന്നിച്ചുനിൽക്കുന്ന ഒരു ജനതയുടെ ജനാഭിപ്രായത്തിന്റെ ബലത്തിലാണ്‌ സംസ്ഥാന സർക്കാർ ഇപ്പോൾ സുപ്രീംകോടതിയിലേക്ക്‌ നീങ്ങിയത്‌. സ്യൂട്ട്‌ ഫയൽ ചെയ്‌തിരിക്കുന്നത്‌ സംസ്ഥാന സർക്കാരാണെങ്കിലും യഥാർഥത്തിൽ  ഈ പോരാട്ടം നയിക്കുന്നത്‌ എന്നും അനീതികൾക്കെതിരെ പൊരുതി മുന്നേറി ചരിത്രമെഴുതിയ കേരള ജനതയും.
പ്രധാന വാർത്തകൾ
 Top