26 February Wednesday

കുസൃതിക്ക്‌ കൂട്ടാവാൻ കശ്‌മീരി പുലാവ്‌

സ്വന്തം ലേഖകൻUpdated: Saturday Jan 18, 2020
മലപ്പുറം
രാവിലെ ഇഡ്ഡലി, നൂൽപുട്ട്, വെജ് പുലാവ്, പുട്ട്. ഉച്ചക്ക് വെജിറ്റബിൾ ബിരിയാണി, എഗ്ഗ്‌ ഫ്രൈയ്ഡ് റൈസ്, സദ്യ, കശ്‌മീരി പുലാവ്, ജ്യൂസ്‌, വൈകിട്ട് പായസവും ചെറുകടിയും. സ്റ്റാർ ഹോട്ടലിലെ ഭക്ഷണ വിവരമല്ല ഇത്‌. ജില്ലാ ഐസിഡിഎസ്‌ അങ്കണവാടി കുട്ടികൾക്കായി ഒരുക്കുന്ന  ഭക്ഷണത്തിന്റെ പട്ടികയാണ്‌. 
അങ്കണവാടികളിൽ വൈവിധ്യവും പോഷണ സമൃദ്ധവുമായ സ്‌മാർട്ട് ഡയറ്റ് നടപ്പാക്കാനൊരുങ്ങുകയാണ്‌  ജില്ലാ ഐസിഡിഎസ്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രീ സ്‌കൂൾ കുട്ടികൾ എന്നിവർക്കായാണ്‌ പദ്ധതി. ഫെബ്രുവരി ഒന്ന് മുതൽ മലപ്പുറം നഗരസഭയിലെ പത്ത് അങ്കണവാടികളിൽ പദ്ധതി നടപ്പാക്കും. ഏപ്രിലോടെ ജില്ലയിലെ മുഴുവൻ അങ്കണവാടികളിലേക്കും വ്യാപിപ്പക്കും. 
തിങ്കൾ മുതൽ ശനി വരെ വ്യത്യസ്‌തമായ മെനുവാണ് ഒരുക്കിയിട്ടുള്ളത്. കുടുംബശ്രീ വഴി വീടുകളിലെ അടുക്കളത്തോട്ടങ്ങളിലെ  പഴം, പച്ചക്കറി, മുട്ട, പാൽ എന്നിവ ഉപയോഗിച്ചാണ് ആഹാരം തയ്യാറാക്കുക. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമായി  കുടുംബശ്രീയുടെ നേതൃത്വത്തിൽ സുരക്ഷിതമായ പാക്കിങ് സംവിധാനത്തോടെ റെഡി- ടു -മിക്‌സ് പൗഡർ രൂപത്തിൽ പുതിയ ഭക്ഷ്യമിശ്രിതം തയ്യാറാക്കും. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾ എന്നിവരുടെ പോഷണനിലവാരത്തെക്കുറിച്ച് പഠനം നടത്തും. കലക്‌ടർ അധ്യക്ഷനായി ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് അംഗങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top