14 December Saturday

എതിർ വാദങ്ങൾ യുക്തിഭദ്രമല്ല: ഇ എൻ മോഹൻദാസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

 

മലപ്പുറം
കേരള ബാങ്കിൽനിന്ന്‌ മാറിനിൽക്കുന്നതിന്‌ മലപ്പുറം ജില്ലാ ബാങ്ക്‌ ഉയർത്തുന്ന വാദമുഖങ്ങൾ യുക്തിഭദ്രമല്ലെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌. ഈ തടസ്സവാദമെല്ലാം തള്ളിയാണ്‌ കേരള ബാങ്കിന്‌ റിസർവ്‌ ബാങ്ക്‌  അംഗീകാരം നൽകിയത്‌. 
റിസർവ്‌ ബാങ്ക്‌ തള്ളിയ അതേ വാദങ്ങളാണ് യുഡിഎഫ്‌ ഭരണസമിതി ഹൈക്കോടതിയിൽ ഉന്നയിക്കുന്നത്‌–- മലപ്പുറത്ത്‌ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസനത്തിന്‌ നിർണായക സംഭാവന നൽകാൻ  കേരള ബാങ്കിനാകും. 
ജില്ലാ ബാങ്ക്‌ അതിൽനിന്ന്‌ മാറിനിൽക്കുന്നത്‌ മലപ്പുറത്തിന്റെ വികസന താൽപ്പര്യം ഹനിക്കും. മലപ്പുറത്തിന്റെ പിന്നോക്കാവസ്ഥയ്‌ക്ക്‌ പരിഹാരമായി ജില്ലാവിഭജനമാണ്‌ മുസ്ലിംലീഗും കൂട്ടാളികളും മുന്നോട്ടുവയ്‌ക്കുന്നത്‌. ജില്ല ചെറുതായാൽ പിന്നോക്കാവസ്ഥ മാറണമെന്നില്ല. ചെറിയ ജില്ലയായ കാസർകോടിന്റെ  സ്ഥിതി ഉദാഹരണം. ജില്ലയുടെ പിന്നോക്കാവസ്ഥ മാറണമെങ്കിൽ പ്രതിശീർഷ വരുമാനം ഉയരണം. അതിന്‌ കാർഷിക, വ്യാവസായിക, സേവന തുറകളിൽ വികസന പദ്ധതികൾ വരണം. 
കേരള ബാങ്കിന്‌ ഈ മേഖലകളിലെ വികസന സംരംഭങ്ങളെ സഹായിക്കാനാകും. എൻആർഐ നിക്ഷേപം വൻതോതിൽ ആകർഷിക്കാൻ കഴിയുന്ന മലപ്പുറവും കേരള ബാങ്കിനോട് ചേർന്നാൽ നാടിനത്‌ വലിയ നേട്ടമാകുമായിരുന്നു.  കേരള ബാങ്കിൽ ചേരേണ്ടെന്ന ജില്ലാ ബാങ്ക്‌ യുഡിഎഫ്‌ ഭരണസമിതി തീരുമാനം ആത്മഹത്യാപരമാണ്‌. 
രാഷ്‌ട്രീയപ്രേരിതമായ  ഈ നിലപാട്‌ നാടിന്റെ വികസന താൽപ്പര്യങ്ങൾക്ക്‌ പ്രതികൂലമാകും.  മുസ്ലിംലീഗും യുഡിഎഫും നിലപാട് തിരുത്തി കേരള ബാങ്കുമായി സഹകരിക്കണം. അതിനായി ബഹുജന സമ്മർദമുയർത്തുമെന്നും ഇ എൻ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top