13 November Wednesday

എംപി വഹാബിന്റെ വീട്ടിലേക്ക് തൊഴിലാളി മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

പി വി അബ്‌ദുൾ വഹാബ്‌ എംപിയുടെ വീട്ടിലേക്ക് തൊഴിലാളികൾ നടത്തിയ മാർച്ച്‌

നിലമ്പൂര്‍
പി വി അബ്ദുൾ വഹാബ് എംപിയുടെ വീട്ടിലേക്ക് തോട്ടം തൊഴിലാളികൾ മാർച്ച് നടത്തി. വയനാട് കുറിച്യർ മലയിൽ എംപിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ തൊഴിലാളികളാണ് തൊഴിൽ നിഷേധമുൾപ്പെടെയുള്ള  പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂരിലെത്തി സംയുക്ത സമര സമിതി നേതൃത്വത്തിൽ മാര്‍ച്ച് നടത്തിയത്.  സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ മാർച്ച്‌ ഉദ്ഘാടനംചെയ്തു. പി വിനോദ് അധ്യക്ഷനായി. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി പി കെ അനിൽകുമാർ, എസ്ടിയു പ്രതിനിധി സി മമ്മി, ബിഎംഎസ് പ്രതിനിധി മുരളി, കെ വി മോഹനൻ, എം സൈദ് എന്നിവർ സംസാരിച്ചു. 
നിലമ്പൂർ ടിബി പരിസരത്തുനിന്ന്‌ ആരംഭിച്ച മാർച്ച് എംപിയുടെ അരുവാക്കോടുള്ള വീടിനുസമീപം പൊലീസ് തടഞ്ഞു. 
സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരാണ് മാർച്ചിൽ പങ്കെടുത്തത്. വണ്ടൂർ സിഐ അബ്ദുൾ മജീദ്, എസ്ഐമാരായ സജിത്, അമീറലി, ബിനു, വിജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ നിലമ്പൂർ, വണ്ടൂർ, എടവണ്ണ, പൂക്കോട്ടുംപാടം, എടക്കര, വഴിക്കടവ് സ്റ്റേഷനുകളിൽനിന്നുള്ള പൊലീസുകാർ നിലമ്പൂരിലെത്തിയിരുന്നു. 
മൂന്നുമാസക്കാലമായി തോട്ടത്തിലെ തൊഴിലാളികൾക്ക് മാസംതോറും വളരെ കുറഞ്ഞ ദിവസംമാത്രമാണ് ജോലി ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. തോട്ടം മാനേജ്‌മെന്റിന്റെ നിലപാടുകളാണ് തൊഴിൽപ്രശ്‌നങ്ങൾക്കിടയാക്കുന്നത്.
 ഇതുമായി ബന്ധപ്പെട്ട് അധികൃതരുമായി നടത്തിയ ചർച്ചകളും ഫലംകാണുന്നില്ല. നിലവിൽ സത്യഗ്രഹ സമരമുൾപ്പെടെ നടത്തിവരികയാണ്. 200–-ഓളം തൊഴിലാളികളാണ് തോട്ടത്തിൽ ജോലിചെയ്തുവരുന്നത്.
പ്രധാന വാർത്തകൾ
 Top