13 November Wednesday
നോട്ട് നിരോധനം

26 മാസത്തിനിടെ പിടികൂടിയത്‌ 20 കോടിയുടെ നോട്ടുകൾ

സ്വന്തം ലേഖകൻUpdated: Thursday Oct 17, 2019
 
 
പെരിന്തൽമണ്ണ
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം ഉത്തരവിനുശേഷം പെരിന്തൽമണ്ണയിലെ പ്രത്യേക പൊലീസ് കേസന്വേഷക സംഘം പിടികൂടിയത് 20 കോടി രൂപയുടെ നോട്ടുകൾ. 2016 നവംബർ എട്ടിന് 1000, 500 രൂപയുടെ നോട്ടുകൾ നിരോധിച്ചശേഷം പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ്‌ ഇത്രയും രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടിയത്‌.
 2017 ആഗസ്ത് എട്ടുമുതൽ 2019 ഒക്ടോബർ 14 വരെയുള്ള കാലയളവിൽ 11 കേസുകളിലായാണ്‌ ഇത്രയും സംഖ്യ പിടികൂടിയത്. അനധികൃതമായി നോട്ട്  സൂക്ഷിച്ച 43 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്‌തു. 11 കേസുകളിൽ ഒമ്പതെണ്ണം പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിൽനിന്നുമാണ് പിടികൂടിയത്. നിലമ്പൂർ, പൂക്കോട്ടുംപാടം എന്നിവിടങ്ങളിൽനിന്ന്‌ രണ്ട് കേസുകളിലായി ഒരുകോടി 84 ലക്ഷം രൂപയാണ് പിടികൂടിയത്.
നോട്ട് നിരോധത്തിന്റെ മൂന്നാം വാർഷികത്തിലേക്ക് കടക്കുമ്പോഴും  നിരോധിച്ച 1000, 500 നോട്ടുകൾ കൈവശംവയ്ക്കുന്നവർക്കായി വലവിരിച്ച് പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സജീവമാണ്.
പണത്തിന്റെ ഉറവിടത്തെക്കുറിച്ച് തുടരന്വേഷണം നടത്തുമെന്നും പെരിന്തൽമണ്ണ എഎസ്‌പി  രീഷ്മ രമേശൻ  പറഞ്ഞു. 
കൊളത്തൂരിൽ തിങ്കളാഴ്ച ഒന്നേമുക്കാൽ കോടി രൂപ പിടികൂടിയ കേസിൽ ദേശീയ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ആറ്‌ പ്രതികളാണ് ഈ കേസിൽ അറസ്റ്റിലായത്. ഇവരെ പെരിന്തൽമണ്ണ കോടതി റിമാൻഡ്‌ ചെയ്തു. നോട്ടുകളുടെ യഥാർഥ ഉറവിടംകണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷക സംഘം. കുഴൽപ്പണ ഇടപാടുകാരുടേതോ നികുതിവെട്ടിപ്പ്‌ സംഘങ്ങളുടേതോ ആകാം നോട്ടുകളെന്നാണ് കരുതുന്നത്. 
ഒരുകോടിയുടെ നിരോധിത നോട്ടിന് 12 ലക്ഷം യഥാർഥ നോട്ടുകൾ നൽകാമെന്ന് വാഗ്ദാനംചെയ്താണ് ഇടപാടിന് കൊളത്തൂരിൽ സംഘമെത്തിയതെന്നും പൊലീസ് പറയുന്നു.
മുൻ പെരിന്തൽമണ്ണ ഡിവൈഎസ്‌പി  എം പി മോഹനചന്ദ്രൻ, എഎസ്‌പി രീഷ്മ രമേശൻ, എഎസ്ഐ സി പി മുരളീധരൻ, ടി ശ്രീകുമാർ, എൻ ടി കൃഷ്ണകുമാർ, എം മനോജ് കുമാർ എന്നിവരടങ്ങിയ പ്രത്യേക അന്വേഷക സംഘമാണ് 11 കേസുകളിലായി 20 കോടി രൂപ പിടികൂടിയതും 43 പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്നതും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top