18 October Friday

സഹകരണ ഓണച്ചന്ത 12.18 കോടിയുടെ വിൽപ്പന

സ്വന്തം ലേഖകൻUpdated: Tuesday Sep 17, 2019

 

 
മലപ്പുറം
പൊതുവിപണിയിൽ വിലക്കയറ്റത്തിന്‌ കടിഞ്ഞാണിട്ട്‌ കൺസ്യൂമർ ഫെഡ്‌–-സഹകരണ ഓണച്ചന്തകൾ. ഓണക്കാലത്ത്‌ ജില്ലയിൽ 12.18 കോടി രൂപയുടെ റെക്കോഡ്‌ വിൽപ്പനയാണ്‌ ചന്തകളിലുണ്ടായത്‌.
കൺസ്യൂമർ ഫെഡിന്റെ 16ഉം 255 സഹകരണ സംഘങ്ങളുടെ 275ഉം അടക്കം 291 സഹകരണ ചന്തകളിലൂടെയായിരുന്നു വിൽപ്പന. ആഗസ്‌ത്‌ ഒന്നുമുതൽ സെപ്‌തംബർവരെ 12,18,18,689 രൂപയാണ്‌ വിറ്റുവരവ്‌. ഇതിൽ സെപ്‌തംബർ ഒന്നുമുതൽ പത്തുവരെയാണ്‌ 11 കോടിയുടെ വിൽപ്പനയും നടന്നത്‌. സഹകരണ ചന്തകൾക്ക്‌ കൺസ്യൂമർ ഫെഡാണ്‌ നിത്യോപയോഗ സാധനങ്ങൾ നൽകിയത്‌.
അരി (ജയ, കുറുവ, മട്ട), പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, വൻപയർ, കടല, തുവരപ്പരിപ്പ്‌, മുളക്‌, മല്ലി, ഉഴുന്നുപരിപ്പ്‌ എന്നീ 13 നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലാണ്‌ വിതരണംചെയ്‌തത്‌. ജയ, കുറുവ അരിക്ക്‌ 25ഉം മട്ടയ്‌ക്ക്‌ 24ഉം രൂപയായിരുന്നു വില. ഓരോ റേഷൻ കാർഡിനും അഞ്ചുകിലോ വീതം നൽകി. പച്ചരി രണ്ടുകിലോ വീതവും പഞ്ചസാര ഒരുകിലോയും വെളിച്ചെണ്ണ ഒരുലിറ്റർ വീതവുമാണ്‌ കുറഞ്ഞ വിലയ്‌ക്ക്‌ നൽകിയത്‌. മറ്റ്‌ സബ്‌സിഡി ഇനങ്ങളെല്ലാം അര കിലോഗ്രാം വീതവും. സബ്‌സിഡിയില്ലാത്ത സാധനങ്ങളുടെ വിൽപ്പനയും ഇത്തവണ  വൻതോതിൽ വർധിച്ചതായി കൺസ്യൂമർ ഫെഡ്‌ റീജ്യണൽ മാനേജർ വി കെ സത്യൻ പറഞ്ഞു. സൂപ്പർ മാർക്കറ്റുകളിലെ നിരക്കിനേക്കാൾ വില കുറച്ചാണ്‌ നോൺ സബ്‌സിഡി ഇനങ്ങൾ നൽകിയത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top