20 September Friday

കൂടെയുണ്ടെന്നും

സ്വന്തം ലേഖകൻUpdated: Saturday Aug 17, 2019

ഭൂദാനം സെന്റ്‌ ജോർജ്‌ പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് സങ്കടം പറയുന്നവർ

 
കവളപ്പാറ
മലയിടിഞ്ഞ്‌ സർവംതകർന്നവർക്ക്‌ സാന്ത്വനമായി ജനനായകൻ. ദുരന്തഭൂമിയിൽ അതിജീവനത്തിന്‌ ആത്മവിശ്വാസമേകി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ സന്ദർശനം. ഉറ്റവർ ഇല്ലാതായവരെ നേരിൽകണ്ട് ആശ്വാസവാക്കുകൾ. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ കൈവിടില്ലെന്ന്‌ ഉറപ്പുനൽകി.  തലനാരിഴക്ക് രക്ഷപ്പെട്ടവരിൽനിന്ന്‌ ദുരന്തത്തിന്റെ ആഴമറിഞ്ഞു. 
കവളപ്പാറക്കാരുടെ സങ്കടംകേട്ട്‌  കോടിയേരി അവരിലൊരാളായി.   വ്യാഴാഴ്‌ച വൈകിട്ടാണ്‌ കോടിയേരി കവളപ്പാറയിലെത്തിയത്‌. ഏറെനേരം പ്രദേശവും രക്ഷാപ്രവർത്തനങ്ങളും വീക്ഷിച്ചു. പിന്നീട്‌ പ്രദേശവാസികളോട്‌ വിവരങ്ങൾ ആരാഞ്ഞു. ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു.  ‘‘ഞങ്ങളെല്ലാവരും ഒപ്പമുണ്ടാകും. പിടിച്ചുനിൽക്കണം. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം–- കോടിയേരി പറഞ്ഞു.   ക്യാമ്പ്‌ ഒരുക്കാൻ പള്ളിയും സൗകര്യവും വിട്ടുനൽകിയ ഭൂദാനം സെന്റ്‌ ജോർജ്‌ പള്ളി വികാരി ഫാ. ജോൺസൺ പള്ളിപ്പടിഞ്ഞാറ്റേതിലിനെ അദ്ദേഹം അഭിനന്ദിച്ചു.  ഉരുൾപൊട്ടൽ തകർത്ത പാതാറിലും അദ്ദേഹമെത്തി.  വീടുകളും കടകളും ഉണ്ടായിരുന്നിടത്ത്‌ അടയാളംപോലും ബാക്കിയില്ല. പാറക്കല്ലുകളും വൻ മരങ്ങളും കുമിഞ്ഞുകിടക്കുകയാണവിടെ. നാട്ടുകാർ പഴയ പാതാർ അങ്ങാടിയെക്കുറിച്ച്‌ വിവരിച്ചു. ചുങ്കത്തറ കൈപ്പിനി പാലവും കോടിയേരി സന്ദർശിച്ചു. 
 സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി പി വാസുദേവൻ, പി കെ സൈനബ, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌, സിപിഐ എം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ എന്നിവരും ഒപ്പമുണ്ടായി.
പ്രധാന വാർത്തകൾ
 Top