16 November Saturday

ചിത്രങ്ങളുടെ വീട്‌ ഇന്ന്‌ ഓർമചിത്രം

ടി വി സുരേഷ‌്Updated: Saturday Aug 17, 2019

പുഴയെടുത്ത വീടിന് മുന്നിൽ മുജീബ്

 

 
അരീക്കോട്
കണ്ട്‌ മതിവരാത്ത ചിത്രംപോലെയായിരുന്നു തസ്‌ലി മുജീബിന്റെ പുരയിടം. 30 വർഷത്തെ കലാജീവിതത്തിനിടെ ചിത്രം വരച്ചും പ്രദർശനം നടത്തിയും ചാലിയാർ തീരത്ത്‌ പണിത വീട്‌ മുജീബിന്റെ സ്വപ്‌ന ചിത്രംകൂടിയായിരുന്നു. മോഹവില നൽകി സ്ഥലം വാങ്ങി മൂന്ന് വർഷംമുമ്പ്‌  വെസ്റ്റ് പത്തനാപുരത്ത് ചാലിയാറിനോട് ചേർന്ന്‌  പണിത വീട്‌  കലിതുള്ളിയ ചാലിയാർ  കവർന്നു. 
പ്രകൃതിക്ക് പോറലേൽക്കാതെയായിരുന്നു വീട്‌ നിർമാണം.  35 ലക്ഷം രൂപ ചെലവഴിച്ചു.  സംരക്ഷണഭിത്തിയും നിർമിച്ചു. ഈ ഭിത്തി തകർത്തെത്തിയ പുഴ വീടിന്റെ തറഭാഗം മുഴുവനുമെടുത്തു.   മുറ്റംമുതൽ ഏഴുസെന്റ് ഭൂമിയും കവർന്നു. ചിത്രം വരക്കാനായി ഒരുക്കിയ ഗാർഡനും ഏറുമാടവുമെല്ലാം പുഴയെടുത്തു. മണലും മണ്ണും കലർന്ന പ്രദേശം പുഴയിലേക്ക് ഇടിഞ്ഞുകിടക്കുകയാണ്. ഇനി ചെറിയ മഴ പെയ്താൽപോലും ശേഷിക്കുന്ന പുരയിടം പുഴയിലേക്ക് ഒലിച്ചിറങ്ങും. 
വീട്ടിലെ മുഴുവൻ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഒലിച്ചുപോയി. മുജീബ് സംവിധാനംചെയ്‌ത  "പെനാൽറ്റി'  സിനിമയുടെ   ഹാർഡ് ഡിസ്‌കും മെമ്മറി കാർഡും രേഖകളും ഒലിച്ചുപോയതും മുജീബിനെ തളർത്തി. ഇന്ത്യൻ ഫുട്‌ബോളിലെ 100 താരങ്ങളെ ഉൾപ്പെടുത്തിയ സിനിമയുടെ 90 ശതമാനം ചിത്രീകരണവും പൂർത്തിയായതാണ്.  ഡോക്യുമെന്ററികളും ആൽബങ്ങളും ഉൾപ്പെടെ 250ല്‍പരം ചെറുസിനിമകളും സംവിധാനംചെയ്തിട്ടുണ്ട്‌ മുജീബ്‌. സ്വപ്‌നങ്ങളെല്ലാം ചാലിയാർ കവർന്നെങ്കിലും തന്നെപ്പോലെ ദുരിതത്തിലായവരെ സഹായിക്കാൻ തത്സമയം ചിത്രങ്ങൾ വരച്ചുവിറ്റും പ്രദർശനം നടത്തിയും ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് മുജീബ്. 
ചാലിയാർ കരകവിയുമ്പോൾ  മുജീബിന്റെ കുടുംബം ഉൾപ്പെടെ  പുഴയോരത്തുള്ളവർ  ബന്ധുവീടുകളിൽ അഭയം തേടിയിരുന്നു. ഏറെവൈകിയാണ് വീടും പരിസരങ്ങളും പുഴ കവർന്ന വിവരം ഭാര്യ ഷബ്‌നയും മക്കളായ ലിംയയും സിംയയും അറിഞ്ഞത്. മുജീബിന്റേതുൾപ്പെടെ ആ ഭാഗത്തെ എല്ലാ വീടുകളും അപകടത്തിലായി.
പ്രധാന വാർത്തകൾ
 Top