24 October Thursday

കെടുതി 138 പഞ്ചായത്തുകളില്‍

സ്വന്തം ലേഖകൻUpdated: Saturday Aug 17, 2019
 
മലപ്പുറം
ജില്ലയിൽ പ്രളയക്കെടുതിയുണ്ടായത് 138  പഞ്ചായത്തുകളിൽ. നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലാണ് ഇവയിൽ ഏറെയും. 11 ഉരുൾപൊട്ടലാണുണ്ടായത്. പ്രാഥമിക കണക്കുകൾ പ്രകാരം 303 വീടുകൾ പൂർണമായും 2001 വീടുകൾ ഭാഗികമായും തകർന്നു. ജല അതോറിറ്റിക്ക് 1.7 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. 18,671ഓളം കർഷകരെ പ്രളയം ബാധിച്ചു. 2934.32 ഹെക്ടർ കൃഷിയിടവും നശിച്ചു. 92.532 കോടി രൂപയുടെ നാശനഷ്ടമാണ് ഈ മേഖലയിൽ കണക്കാക്കുന്നത്‌.
ഫയർ ഫോഴ്‌സ്, പൊലീസ്, ട്രോമാ കെയർ വള​ന്റിയർമാർ, സന്നദ്ധ സംഘങ്ങൾ, മത്സ്യത്തൊഴിലാളികൾ, ജനപ്രതിനിധികൾ എന്നിവരെക്കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയിലെ നാല് ടീമും സൈനികരുടെ മൂന്ന് സംഘവും രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  ദേശീയ ദുരന്തനിവാരണ സേനയും വനം വകുപ്പും ചേർന്നാണ് കുമ്പളപ്പാറ, തരിപ്പപ്പൊട്ടി, വാണിയമ്പുഴ, ഇരുട്ടുകുത്തി ആദിവാസി കോളനികളിൽ അകപ്പെട്ട പ്ലാന്റേഷൻ കോർപറേഷൻ തൊഴിലാളികളെ രക്ഷിച്ചത്. ഏറെ പണിപ്പെട്ടാണ് തൊഴിലാളികളെ കുത്തിയൊലിക്കുന്ന വാണിയമ്പുഴ  മുറിച്ചുകടത്തിയത്. ദേശീയ ദുരന്ത നിവാരണ സേന, ഐടിഡിപി, വനം വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കരുളായി വനത്തിലെ ചോലനായ്ക്കര്‍ വിഭാഗക്കാർ താമസിക്കുന്ന മാഞ്ചീരി കോളനിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. കോളനിയിലേക്കുള്ള അപ്രോച്ച് റോഡും പാലവും പൂർണമായും തകർന്ന നിലയിലാണ്. 
പ്രളയത്തെ തുടർന്ന് ക്വാറികൾക്കും മറ്റ് ഖനന പ്രവർത്തനങ്ങൾക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധം ഏർപ്പെടുത്തി. പ്രളയം ബാധിച്ച സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾവഴി ശുചീകരണ പ്രവൃത്തികൾ നടത്തുന്നതിനൊപ്പം സൗജന്യമായി കുടിവെള്ളമെത്തിക്കാനും സജ്ജീകരണങ്ങളൊരുക്കി. പ്രളയബാധിത മേഖലകളിൽ ക്ലോറിനേഷനും നിർദേശം നൽകി. ശൗചാലയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം എല്ലാ ക്യാമ്പുകളിലും വൈദ്യസഹായവും ഏർപ്പെടുത്തി. നഷ്ടപ്പെട്ട രേഖകൾ ലഭിക്കാൻ സർട്ടിഫിക്കറ്റ് അദാലത്തും ഇൻഷുറൻസ് അദാലത്തും നടത്താനാണ് തീരുമാനം. മഴക്കെടുതി അതിജീവനത്തിനായി  നടത്തിയത് ചിട്ടയായ പ്രവർത്തനമാണെന്ന് ജനപ്രതിനിധികളുടെ യോഗത്തിൽ മന്ത്രി കെ ടി ജലീൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top