21 February Thursday

മരണ പ്രളയം ചെറുകാവിൽ മണ്ണിടിഞ്ഞ് 12 മരണം

ബഷീർ അമ്പാട്ട‌്Updated: Friday Aug 17, 2018

 കൊണ്ടോട്ടി

കനത്ത മഴയിൽ ചെറുകാവ‌് പഞ്ചായത്തിലെ രണ്ടിടത്ത‌് വീടുകൾക്കുമുകളിൽ മണ്ണിടിഞ്ഞുവീണ‌് 12 പേർ മരിച്ചു. 
 ഐക്കരപ്പടിക്കടുത്ത് പെരിങ്ങാവ് കൊടപ്പുറത്തെ കൊറ്റങ്ങാട്ട് പുറായിമലയും പൂച്ചാലിലെ കല്ലറപാലി മലയും ഇടിഞ്ഞാണ് അപകടം. സ്വാതന്ത്ര്യദിനത്തിലായിരുന്നു നാടിനെ ദുഃഖത്തിലാഴ‌്ത്തിയ ദുരന്തങ്ങൾ.
ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് പൂച്ചാലിലെ കല്ലറപാലി മലയുടെ ഒരുഭാഗം വീടിനുമുകളിലേക്ക് പതിക്കുന്നത്. കണ്ണനാരി പരേതനായ കുഞ്ഞാലന്റെ മകൻ അബ്ദുൾ അസീസ് (40), ഭാര്യ സുനീറ (35), മകൻ ഉബൈദ് (ആറ്) എന്നിവരാണ്  മരിച്ചത്. അടുത്ത മുറിയിൽ ഉറങ്ങിയ മക്കളായ ഉവൈസ് (19), ഉനൈസ് (17) എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി രക്ഷാപ്രവർത്തകർ മടങ്ങാനിരിക്കെയാണ് പെരിങ്ങാവ് കൊടപ്പുറത്ത് മലയിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയതറിഞ്ഞത‌്. ഒരു കുടുംബത്തിലെ നാലുപേരടക്കം ഒമ്പതുപേരാണ് ഈ അപകടത്തിൽ മരിച്ചത്. കൊടപ്പുറം പരേതനായ ചെമ്പ്രച്ചോല അബ്ദുറഹ‌്മാന്റെ മകൻ മൂസ (45), പരേതനായ പാണ്ടികശാല കുട്ടിരായിന്റെ മകൻ ബഷീർ (47), ഭാര്യ സാബിറ (40), മക്കളായ മുഷ്ഫിഖ് (14), ഫാത്തിമ ഷായിഷ (19), ബഷീറിന്റെ സഹോദരൻ അസീസിന്റെ ഭാര്യ ഖൈറുന്നീസ (36), മാനുമ്മൽ മോയീന്റെ മകൻ മുഹമ്മദലി (48), മകൻ സഫ‌് വാൻ (26), സി പി ജംഷിക്കിന്റെ മകൻ ഇർഫാനലി (17) എന്നിവരാണ് മരിച്ചത്. ബഷീറിന്റെ സഹോദരൻ പി കെ അസ്‌കറിന്റേതാണ് അപകടത്തിൽപ്പെട്ട വീട്. 
അസ്‌കറും കുടുംബവും വീട് പൂട്ടി ബന്ധുവീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. സമീപത്തെ മണ്ണിടിച്ചിൽ ദുരന്തം അറിഞ്ഞ് വീടിന് സമീപത്തെ സാധനങ്ങൾ എടുത്തുമാറ്റാൻ പോയതായിരുന്നു ബഷീറും കുടുംബവും അയൽവാസികളും. ഇതിനിടയിലാണ് മലയിടിഞ്ഞ് വീട‌് തകരുകയും ഇവർ മണ്ണിനടിയിൽ അകപ്പെടുകയും ചെയ്യുന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകിയത്. മൂന്ന് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയായിരുന്ന രക്ഷാപ്രവർത്തനം. ഇതിനിടെ മണ്ണിനടിയിൽ കുടുങ്ങിയ മുഹമ്മദാലിയുടെ ജീവൻ രക്ഷിക്കാനായി. പിന്നീടാണ് കൂടുതൽ പേർ മണ്ണിനടിയിൽപ്പെട്ടതായി അറിയുന്നത്. നാട്ടുകാരുടെയും പൊലീസിന്റെയും ദുരന്തനിവാരണ സേനയുടെയും  മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത‌്.
പൂച്ചാലിൽ  മരിച്ച അബ്ദുൾ അസീസും ഭാര്യയും മകനും കിടന്നുറങ്ങിയ മുറിയിൽ കല്ലും മണ്ണും കൂടിക്കിടക്കുകയാണ്. ഉഗ്രശബ്ദം കേട്ട് ഞെട്ടിയുണർന്ന  ഉവൈസും ഉനൈസും വീടിന് മുകളിലേക്ക് ഓടിക്കയറി.  നിലവിളി കേട്ടെത്തിയ സമീപവാസികളാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. 
കൊണ്ടോട്ടി സിഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ പൊലീസും മലപ്പുറം, മീഞ്ചന്ത എന്നിവിടങ്ങളിൽനിന്നായി രണ്ട് യൂണിറ്റ് ഫയർഫോഴ്‌സും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി. കനത്ത മഴ രക്ഷാപ്രവർത്തനത്തെ പലപ്പോഴും തടസ്സപ്പെടുത്തി. പുലർച്ചെ നാലരയോടെയാണ് അസീസിന്റെ മൃതദേഹം പുറത്തെടുക്കാനായത്. രാവിലെ ഏഴോടെ സമീറയുടെ മൃതദേഹവും കണ്ടെടുത്തു. കുട്ടി പൂർണമായും മണ്ണിനടിയിൽപ്പെട്ടതിനാൽ എട്ട‌് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. 
അസീസിന്റെ ഉമ്മ കദീജ ചൊവ്വാഴ്ച വൈകിട്ട‌് മകളുടെ വീട്ടിലേക്ക്  പോയതിനാലാണ് രക്ഷപ്പെട്ടത്. നൂറ‌് മീറ്ററിലധികം ഉയരമുള്ള മലകളാണ് ഇടിഞ്ഞുവീണത്. രണ്ട് മലകളിൽനിന്നും നേരത്തെ മണ്ണ് തുരന്നെടുത്തതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. 
മന്ത്രി കെ ടി ജലീൽ രാവിലെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പോസ‌്റ്റ‌്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ കബറടക്കി.
പ്രധാന വാർത്തകൾ
 Top