18 July Thursday
പറവണ്ണയിൽ വീണ്ടും അക്രമം

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന‌് തീവച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കാർ തീയിട്ട നിലയിൽ

 
തിരൂർ
വെട്ടം പറവണ്ണയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ കാർ മുസ്ലിംലീഗ് അക്രമികൾ തീവച്ച് നശിപ്പിച്ചു.  പറവണ്ണ നോർത്ത് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ വാഗൺ ആർ കാറാണ്  നശിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെ ഒന്നരയ‌്ക്കായിരുന്നു സംഭവം. വീടിനുസമീപത്തെ  മദ്രസക്കുമുന്നിൽ നിർത്തിയിട്ടതായിരുന്നു. ഗ്ലാസ് തകർത്ത് പെട്രോൾ ഒഴിച്ച് കാറിനുള്ളിൽ തീയിടുകയായിരുന്നു.  ഗ്ലാസുകൾ പൊട്ടിത്തെറിക്കുകയും തീയാളുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാരെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും കാർ കത്തയമർന്നു.  തിരൂർ പൊലീസ‌് അന്വേഷണം ആരംഭിച്ചു. മദ്രസക്കുസമീപത്ത് സ്ഥാപിച്ച  സിസി ടിവിയിലെ ദ്യശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്ന് അക്രമികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. 
മുഖംമൂടി ധരിച്ച  അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന‌് പൊലീസ‌് പറഞ്ഞു. തിരൂർ സിഐ പി കെ പത്മരാജൻ സ്ഥലം സന്ദർശിച്ചു. മലപ്പുറത്തുനിന്നും ഫൊറൻസിക് വിദഗ‌്ധരും പരിശോധന നടത്തി.
രാഷ്ടീയ നേതൃത്വത്തിന്റെയും പൊലീസിന്റെയും ഇടപെടൽമൂലം തീരദേശത്ത് സംഘർഷം നിയന്ത്രിക്കാൻ കഴിഞ്ഞുവെങ്കിലും വെട്ടം പറവണ്ണ ആലിൻചുവട് മേഖലയിൽ അക്രമം തുടരുകയാണ്. രണ്ടാഴ്ചമുമ്പ് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവിലും ലീഗ‌് അക്രമമുണ്ടായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top