01 April Wednesday

ജോലി വാഗ്‌ദാനം: ഒന്നരക്കോടി തട്ടിയ ദമ്പതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

സുഷീജ്‌

 

പെരിന്തൽമണ്ണ
ജോലി വാഗ്ദാനംചെയ്തും ലാഭവിഹിതം നല്‍കാമെന്നും വിശ്വസിപ്പിച്ച് പലരിൽനിന്ന്‌ ഒന്നരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ച യുവാവ് അറസ്റ്റിൽ. 
ഇയാളുടെ ഭാര്യയും കേസിൽ പ്രതിയാണ്. വള്ളിക്കുന്ന് ചോഴിമഠത്തില്‍ പാതിരാട്ട് സി പി  സുഷീജ്‌ (സജീര്‍ മുഹമ്മദ്– --38), ഭാര്യ റജീന (27) എന്നിവർക്കെതിരെയാണ്‌ പെരിന്തൽമണ്ണ പൊലീസ്‌ കേസെടുത്ത്‌.   2015ൽ ചെറുകരയിൽ ടിപ്സ് ഇന്ത്യ എന്ന സ്ഥാപനം തുടങ്ങിയാണ്‌ ദമ്പതികൾ തട്ടിപ്പ്‌ നടത്തിയത്‌. സ്ഥാപനത്തിന്റെ ഡയറക്ടർമാരായി പലരെയും വ്യാജമായി ചേർത്തു. 
ജോലി നൽകാമെന്നും ഓഹരി പണം നിക്ഷേപിച്ചാല്‍ അതിന്റെ ലാഭവിഹിതം കൈമാറാമെന്നുമാണ്‌ ദമ്പതികൾ നാട്ടുകാരോട്‌ പറഞ്ഞത്‌.  12.85 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കണ്ണൂര്‍ തില്ലേരി സ്വദേശി പി കെ  ബിജിത്തി (31)ന്റെ പരാതിയിലാണ്‌ അറസ്‌റ്റ്‌.  ഇയാൾക്കുപുറമെ ഖത്തറിൽ ജോലിയുള്ളയാളിൽനിന്ന്‌ 50 ലക്ഷവും മറ്റ് പലരിൽനിന്ന് 15, 10 ലക്ഷംവീതവും പണം കൈപ്പറ്റിയിട്ടുണ്ട്‌.  പരാതിയെ തുടർന്ന്‌  സുഷീജ്‌ ഒളിവിലായിരുന്നു. 
എറണാകുളം കോലഞ്ചേരിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം എസ്ഐ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിൽ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.  കോലഞ്ചേരിയിൽ  ബെൻ–-ജോൺ എന്ന പേരിൽ ദമ്പതികൾ സമാന തട്ടിപ്പിന്‌ ശ്രമിക്കുകയായിരുന്നു. 
സുഷീജിനെ പൊന്നാനി കോടതിയിൽ ഹാജരാക്കി. ദമ്പതികൾക്ക്‌ മൂന്ന്  മക്കളാണ്‌.  ചെറിയ കുഞ്ഞിന്‌ രണ്ട് മാസം പ്രായമായതിനാലാണ്‌  റജീനയുടെ അറസ്റ്റ് ഒഴിവാക്കിയത്‌. പൊലീസ് ആവശ്യപ്പെടുമ്പോൾ ഹാജരാവണമെന്ന് നേട്ടീസ് നൽകിയിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top