29 February Saturday
ബിജെപിയെ ബഹിഷ്കരിച്ചു

തിരൂരുകാരെ അധിക്ഷേപിച്ച്‌ കെ സുരേന്ദ്രന്‍

സ്വന്തം ലേഖകൻUpdated: Friday Jan 17, 2020

ബിജെപി സംഘടിപ്പിച്ച പരിപാടിയോട് നിസ്സഹകരിച്ച്‌ കടകളടച്ചതിനെത്തുടർന്ന്‌ ശൂന്യമായ തിരൂർ ബസ് സ്‌റ്റാൻഡ്‌

തിരൂർ
തിരൂർ നിവാസികള്‍ക്കുനേരെ അസഭ്യവര്‍ഷവുമായി ബിജെപിയുടെ ജനജാഗ്രതാ സമ്മേളനം. സിഎഎ, എൻആർസി എന്നിവയെ വെള്ളപൂശാന്‍ കേന്ദ്ര വാണിജ്യ മന്ത്രി സോം പ്രകാശി​ന്റെ നേതൃത്വത്തിൽ തിരൂരിൽ  ജനജാ​ഗ്രതാ സമ്മേളനത്തിലാണ് സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി രവി തേലത്ത് തുടങ്ങിയ നേതാക്കള്‍ ജനങ്ങള്‍ക്കുനേരെ പരസ്യമായി അസഭ്യവര്‍ഷം നടത്തിയത്. 
ബിജെപിയുടെ പൊതുപരിപാടി കടകൾ അടച്ചും വാഹന സർവീസ് നിർത്തിയും ബഹിഷ്കരിച്ചതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്. "കടകൾ അടച്ചവരും വാഹന സർവീസ് നിർത്തിവച്ചവരും തന്തയ്ക്ക് പിറക്കാത്തവരാണ്' എന്നായിരുന്നു കെ സുരേന്ദ്ര​ന്‍ പറഞ്ഞത്. 
ബിജെപി ജനജാഗ്രതാ സമ്മേളനം പ്രഖ്യാപിച്ചതുമുതൽ പരിപാടി ബഹിഷ്കരിക്കാന്‍ തിരൂർ നഗരത്തിലെ വ്യാപാരികളും വാഹന ഉടമകളും തൊഴിലാളികളും തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ ന​ഗരത്തിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തി. താനൂർ, വെട്ടം, കൂട്ടായി, ഏഴൂർ റോഡ് എന്നിവിടങ്ങളിലേക്ക് ബസ് സർവീസ് പൂർണമായും നിർത്തി. 
വൈകിട്ട് നാലോടെ ​ഗതാ​ഗതം പൂര്‍ണമായി നിലച്ചു. കടകൾ അടച്ചിടുകയും ഓട്ടോറിക്ഷ, ടാക്സി വാഹനങ്ങൾ നിർത്തുകയും ചെയ്തതോടെ നഗരം ബന്ദിന്റെ പ്രതീതിയിലായി. ബിജെപിയുടെ പ്രകടനം കാണാൻപോലും നിരത്തില്‍ ആരുമില്ലാതെ വന്നതും നേതാക്കളെ പ്രകോപിപ്പിച്ചു. ഇതേ തുടര്‍ന്നാണ് തങ്ങളെ ബഹിഷ്കരിച്ച പൊതുജനത്തിനെതിരെ സുരേന്ദ്രനും നേതാക്കളും പരസ്യമായി അസഭ്യം ചൊരിഞ്ഞത്.
പ്രധാന വാർത്തകൾ
 Top