20 January Wednesday

ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത്‌ ആത്മഹത്യ; എടരിക്കോട്‌ പ്രതിഷേധ സംഗമം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019
കോട്ടക്കൽ > പുതുപറമ്പിലെ ആൾക്കൂട്ട ആക്രമണത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണർത്തി പ്രതിഷേധ സംഗമം. പ്രണയബന്ധത്തിന്റെ പേരിൽ ആൾക്കൂട്ടം മർദിച്ചതിലും കുറ്റവിചാരണ നടത്തി ശിക്ഷ വിധിച്ചതിലും മനംനൊന്ത് ഷാഹിർ എന്ന യുവാവ്‌ വിഷംകഴിച്ച്‌ മരിച്ച സംഭവത്തിൽ എടരിക്കോട്‌ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. ഷാഹിറിനെ മർദിച്ചവരെയും വിചാരണ നടത്തിയവരെയും നിയമത്തിനുമുന്നിലെത്തിച്ച്‌ മാതൃകാപരമായി ശിക്ഷിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. സിപിഐ എം കോട്ടക്കൽ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്‌ഘാടനംചെയ്‌തു.
 
നിയമവാഴ്‌ചയേയും നീതിന്യായ സംവിധാനത്തെയും എന്നും വിശ്വാസത്തിലെടുത്ത ഒരു ജനതയുടെ ധാർമികബോധത്തിനും മാനവികതക്കുമാണ്‌  പുതുപറമ്പിലെ ആൾക്കൂട്ട ആക്രമണവും തിരുന്നാവായയിലെ സദാചാര ഗുണ്ടായിസവും മങ്ങലേൽപ്പിക്കുന്നത്‌. ആൾക്കൂട്ടം മർദിച്ചതിൽ മനംനൊന്ത് പുതുപറമ്പിൽ യുവാവ്‌ വിഷം കഴിച്ച്‌ മരിച്ചതിന്റെ ഞെട്ടൽ മാറുംമുമ്പാണ്‌ തിരുന്നാവായയിലെ സദാചാര ഗുണ്ടായിസം. കുഞ്ഞിന് പാലുകൊടുക്കാൻ ഓട്ടോ നിർത്തിയ ദമ്പതികളെയാണ്‌ സൗത്ത്‌ പല്ലാറിൽ ‘സദാചാര ഗുണ്ടകൾ’ മർദിച്ചത്‌. ഭാര്യയും കുഞ്ഞുമാണ്‌ കൂടെയെന്ന്‌ പറഞ്ഞപ്പോൾ തെളിവു കാണിക്കാൻ പറഞ്ഞായിരുന്നു ആക്രമണം. ദമ്പതികൾ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്‌.  രണ്ടുപേർക്കെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. 
 
ഉത്തരേന്ത്യയിലെ സംഘപരിവാർ ആൾക്കൂട്ട ആക്രമണങ്ങളെയും താലിബാൻ മോഡൽ കുറ്റവിചാരണയെയും അനുസ്‌മരിപ്പിക്കുകയാണ്‌ പുതുപറമ്പിലെ സംഭവം. ആൾക്കൂട്ടം ക്രൂരമായി മർദിച്ച്‌ ജീവച്ഛവമാക്കിയതിൽ മനംനൊന്താണ്  ഷാഹിർ (22) വിഷം കഴിച്ച്‌ മരിച്ചത്‌.  ഷാഹിറിനെ മർദിച്ചശേഷം ചില നാട്ടുപ്രമാണിമാർ പൗരപ്രമുഖന്റെ വീട്ടിലെത്തിച്ച്‌ കുറ്റവിചാരണ നടത്തിയെന്നാണ്‌ ബന്ധുക്കളുടെ മൊഴി. പെൺകുട്ടിയുമായി ഇനി സൗഹൃദമുണ്ടാകില്ലെന്ന്‌ എഴുതിവാങ്ങിയത്‌ അപായപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയാണ്‌. ഉടുതുണിയഴിച്ച്‌ യുവാവിന്റെ ചിത്രവുമെടുത്തു. നാട്ടുകൂട്ടങ്ങളും കൂട്ടായ്‌മകളും നിരാലംബർക്ക്‌ ആശ്രയമാകുന്നതിൽ മലപ്പുറം എന്നും അഭിമാനിച്ചിരുന്നു. എന്നാൽ ഇത്തരം  സേവനശൈലി വിട്ട്‌ സ്വയം നാടുവാഴി ചമഞ്ഞ്‌ സ്വന്തം ‘നീതിയും ന്യായവും നടപ്പാക്കുന്ന’ മാനസികാവസ്ഥ പടരുന്നുണ്ട്‌.
 
തയ്യിൽ അലവി അധ്യക്ഷനായി. വി പി സക്കറിയ, സി സിറാജ് എന്നിവർ സംസാരിച്ചു.
 
തിരുന്നാവായയിൽ സദാചാര ഗുണ്ടകൾ ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് ശക്തമായ  നടപടി എടുക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. സൗത്ത് പല്ലാറ്റിൽ ആക്രമണത്തിനിരയായ കൂട്ടായി സ്വദേശി കുറിയന്റെ പുരക്കൽ ജംഷീർ, ഭാര്യ സഫിയ എന്നിവരെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
 
മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ പി സുമതിയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. റോഡിൽ ഓട്ടോറിക്ഷ നിർത്തി കുഞ്ഞിന് പാലുകൊടുക്കുന്നതിനിടയിലാണ് സദാചാര ഗുണ്ടകൾ ദമ്പതികളെ ആക്രമിച്ചത് . ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും കേസിൽ പൊലീസ് അലംഭാവംകാട്ടുകയാണെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഇ സിന്ധു, സെക്രട്ടറി വി ടി സോഫിയ, കെ റംല,  ഇ സുജ, ഗീത പള്ളിയേരി, സീനത്ത് ഇസ്മായിൽ, കാർത്ത്യായനി, കെ ജി സൽമാബായ്, ശ്രീജ എന്നിവരാണ്‌ സന്ദർശിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top