13 December Friday

വീട്ടിൽ ആയുധശേഖരം: മാട്ടറക്കൽ സ്വദേശി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019
കാളികാവ്
വീട്ടിനുള്ളിൽ തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ സൂക്ഷിച്ചയാൾ പിടിയിൽ.  താഴേക്കോട് മാട്ടറക്കൽ സ്വദേശി പട്ടണം വീട്ടിൽ അബ്ദുൾ മനാഫ്‌ (46)ആണ്‌ അറസ്റ്റിലായത്.  ലൈസൻസില്ലാത്ത തോക്ക്, 59 തിര, തിരയിൽ നിറക്കുന്ന ഇയ്യം, ഉണ്ടകളുടെ അരക്കിലോ വരുന്ന മൂന്ന്‌ പാക്കറ്റ്‌, അഞ്ച്‌ കത്തി, വടിവാൾ എന്നിവ വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തി.  വേട്ടയാടാനാണ് തോക്കും തിരകളും മറ്റ്‌ ആയുധങ്ങളും ഉപയോഗിക്കുന്നതെന്നാണ് ഇയാളുടെ മൊഴി. 13 വർഷം വിദേശത്തായിരുന്നു മനാഫ്‌. ടാപ്പിങ്‌ ജോലിക്കാരനാണ്‌.   പ്രതിയെ  കൂടുതൽ അന്വേഷണത്തിന്‌ പെരിന്തൽമണ്ണ പൊലീസിന് കൈമാറി. ആയുധ നിയമപ്രകാരം കേസെടുക്കുമെന്ന്‌ സിഐ വി ബാബുരാജ് പറഞ്ഞു. കരുളായി വനം റേഞ്ച് ഓഫീസർ കെ രാകേഷ്, മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ യു ആഷിഖലി, ഫോറസ്റ്റർമാരായ സുരേഷ്, ലാൽ വി നാഥ്, വിജയൻ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്‌.
പ്രധാന വാർത്തകൾ
 Top