03 December Friday

നിധി നൽകാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിപ്പ്‌; യുവാവ്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

രമേശ്

 

നിലമ്പൂർ
പ്രത്യേക പൂജയിലൂടെ സ്വർണ നിധി എടുത്തുനൽകാമെന്നും ചൊവ്വാദോഷം മാറ്റാമെന്നും വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ പിടിയിൽ. വയനാട് ലക്കിടി അറമല സ്വദേശി കൂപ്ലിക്കാട്ടിൽ രമേശ് (36)ആണ് കൊല്ലം പുനലൂർ-കുന്നിക്കോട്ടെ വാടക വീട്ടിൽനിന്ന്‌ അറസ്‌റ്റിലായത്‌. 
രമേശൻ നമ്പൂതിരി, രമേശൻ സ്വാമി, സണ്ണി എന്നീ പേരുകളിലും അറിയപ്പെട്ട ഇയാൾക്കെതിരെ വണ്ടൂർ സ്വദേശിനിയാണ്‌ നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്‌.  ചൊവ്വാദോഷമകറ്റി വിവാഹം ശരിയാക്കി കൊടുക്കാമെന്ന്‌ പറഞ്ഞ്‌  1,10,000 രൂപയാണ്‌ യുവതിയിൽനിന്ന്‌ കൈക്കലാക്കിയത്‌. അന്വേഷണത്തിൽ പ്രതി സമാന രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായി വ്യക്തമായി. പറമ്പിൽ നിധിയുണ്ടെന്ന്  വിശ്വസിപ്പിച്ച് അത്‌ പുറത്തെടുക്കാനും പൂജ നടത്താനുമുള്ള ചെലവിലേക്കായി വയനാട് മണിയങ്കോട് സ്വദേശിനിയിൽനിന്ന്‌  അഞ്ച്‌ പവന്റെ ആഭരണങ്ങളാണ്‌ കൈക്കലാക്കിയത്‌. 
മീനങ്ങാടി സ്വദേശിനിയിൽനിന്നും എട്ടു പവന്റെ ആഭരണങ്ങൾ തട്ടിയെടുത്തു.  മണിയങ്കോട് സ്വദേശി സന്തോഷും തട്ടിപ്പിനിരയായി. ഒരുലക്ഷം രൂപയാണ്‌ നൽകിയത്‌. തുടർന്ന്‌ നിധി കുഴിച്ചെടുക്കാനെന്ന പേരിൽ വീടിനുചുറ്റും ആഴത്തിൽ കുഴികളെടുത്ത് വീടും പരിസരവും വാസയോഗ്യമല്ലാതാക്കി.
പ്രതി കോഴിക്കോട്ടുനിന്നും വയനാട്ടിൽനിന്നും ഭർതൃമതികളായ രണ്ട്‌ യുവതികളുമായി പ്രണയത്തിലാവുകയും ഇവരുമായി മുങ്ങുകയും ചെയ്‌തിരുന്നു. വയനാട്ടുകാരിക്കൊപ്പം കഴിയുന്നതിനിടെയാണ്‌ പിടിയിലായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top