13 November Wednesday

സ്വർണക്കവർച്ച: ഏഴംഗ ക്വട്ടേഷൻ സംഘം പിടിയിൽ

സ്വന്തം ലേഖകൻUpdated: Wednesday Oct 16, 2019

 കരിപ്പൂർ

കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി  കടത്തിക്കൊണ്ടുവന്ന 2.5 കിലോ സ്വർണവുമായി കാറിൽ പോയ സംഘത്തെ ആക്രമിച്ച് സ്വർണം കവർന്ന ഏഴംഗ ക്വട്ടേഷൻ സംഘത്തെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. 
കോഴിക്കോട് കല്ലായി ചക്കംകടവ് എവി ഹൗസിലെ മുസ്തഫ (36), നല്ലളം കൊളത്തറ എരഞ്ഞിക്കൽ റംഷിഹാദ് (36), കല്ലായി കെപി ഹൗസിലെ ഷൗക്കത്തലി (35), കല്ലായി എടി ഹൗസിലെ ഫാസിർ (33), കോഴിക്കോട് മലയമ്മ തടത്തുമ്മൽ ഇർഷാദ് (31), കോഴിക്കോട് തിരുവമ്പാടി കോട്ടയിൽ മുഹമ്മദ് ബഷീർ (41), കല്ലായി ചക്കുംകടവ് പള്ളിപറമ്പിൽ നൗഷാദ് (47) എന്നിവരാണ് അറസ്റ്റിലായത്. ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ട്‌.  പ്രതികളിൽനിന്ന് സ്വർണം കണ്ടെത്താനായിട്ടില്ല. 
കഴിഞ്ഞ മാർച്ച് മൂന്നിന്‌ പുലർച്ചെ കൊണ്ടോട്ടി–-എടവണ്ണപ്പാറ റോഡിൽ മുണ്ടക്കുളത്തുനിന്നാണ് സംഘം സ്വർണം തട്ടിയെടുത്തത്. 
കാറിൽ സ്വർണവുമായി പോകുകയായിരുന്ന സംഘത്തെ മറ്റൊരു വാഹനത്തിൽ പിന്തുടർന്ന് ആക്രമിച്ച് സ്വർണവുമായി കടന്നു.  കാർ തടഞ്ഞുനിർത്തി 4000 രൂപ കവർന്നെന്നായിരുന്നു ആക്രമണത്തിന് ഇരയായവർ പൊലീസിൽ നൽകിയ പരാതി. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വർണ കവർച്ചയുടെ കാര്യം വ്യക്തമാകുന്നത്‌. 
ദുബൈയിൽനിന്നും രണ്ടര കിലോ സ്വർണവുമായി കരിപ്പൂരിലെത്തിയ യാത്രക്കാരനുമായി സഞ്ചരിച്ച കാറിലെ ഡ്രൈവറും ക്വട്ടേഷൻ സംഘത്തിലെ അംഗമായിരുന്നു. പ്രതി തിരുവമ്പാടി സ്വദേശി ബഷീറായിരുന്നു കാറോടിച്ചത്. ഇയാളുടെ വ്യക്തമായ നിർദേശത്തെ തുടർന്നാണ് മറ്റ് ക്വട്ടേഷൻ സംഘങ്ങൾ കാറിനെ പിന്തുടർന്നത് സ്വർണം കവർന്നത്‌. 
 കവർച്ച ചെയത സ്വർണം കണ്ടെടുക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.   
കൊണ്ടോട്ടി സിഐ എൻ ബി ഷൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി സഞ്ജീവ് എന്നിവരും കൊണ്ടോട്ടി സ്റ്റേഷനിലെ എസ്‌സിപിഒ മോഹൻദാസുമടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top