23 July Tuesday
കൃഷിയിലൂടെ സ‌്ത്രീകൾക്ക‌് വരുമാനം

മാതൃകാ കാർഷിക ഗ്രാമമാകാനൊരുങ്ങി വള്ളിക്കുന്ന‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

 മലപ്പുറം

നൂതന കൃഷിരീതികളിലൂടെ സ‌്ത്രീകളുടെയും അതുവഴി കുടുംബത്തിന്റെയും വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യമിട്ട‌് കുടുംബശ്രീ മേൽനോട്ടത്തിൽ വള്ളിക്കുന്ന‌് പഞ്ചായത്തിലെ നാല‌് വാർഡുകൾ മാതൃകാ കാർഷിക ഗ്രാമമാകുന്നു. നടപ്പുസാമ്പത്തിക വർഷത്തിൽ കുടുംബശ്രീ നടപ്പാക്കുന്ന പ്രധാന പദ്ധതിയായ സ‌്മാർട്ട‌് അഗ്രി വില്ലേജ് പദ്ധതിയിലാണ‌് വള്ളിക്കുന്നിലെ കടലുണ്ടി നഗരം നോർത്ത‌്, കിഴയിൽ, നവജീവൻ, ബാലാതുരുത്തി വാർഡുകളെ ഉൾപ്പെടുത്തി കാർഷിക ഗ്രാമം നടപ്പാക്കുന്നത‌്. സംയോജന കൃഷി രീതികളിലൂടെ വരുമാനം വർധിപ്പിക്കാനും നാല‌് വാർഡുകളിലെയും മുഴുവൻ കുടുംബങ്ങളെയും കൃഷിയിലേക്ക‌് ആകർഷിക്കാനും കഴിയും. ഓരോ ജില്ലയിലും ഒന്നുവീതം ഗ്രാമങ്ങൾക്കാണ‌് നിർദേശമെങ്കിലും പദ്ധതി വിജയമാകുന്നതോടെ കൂടുതൽ പഞ്ചായത്തുകളിലേക്ക‌് വ്യാപിപ്പിക്കും. 
ജൈവകൃഷി, മത്സ്യകൃഷി, ബയോ ഫാർമസി, കാർഷിക സംരംഭങ്ങൾ, അഗ്രോ ക്ലിനിക്കുകൾ, അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി, ബയോഗ്യാസ് യൂണിറ്റുകൾ, ഫാം ടൂറിസം, ഹോം സ്‌റ്റേ, വിപണന കേന്ദ്രങ്ങൾ തുടങ്ങിയ  20  ഘടകങ്ങൾ ഉൾപ്പെടുത്തി കിഴയിൽ തണ്ണീർത്തടം കേന്ദ്രമാക്കിയാണ‌് നടത്തിപ്പ‌്. നിലവിൽ പ്രദേശത്ത‌് കുടുംബശ്രീയുടെ  ഹോം സ‌്റ്റേ പ്രവർത്തിക്കുന്നുണ്ട‌്. പദ്ധതി പ്രദേശത്ത‌് നിലവിലെ കുടുംബശ്രീ കാർഷിക ഗ്രൂപ്പുകൾക്ക‌് പുറമെ, താൽപ്പര്യമുള്ള പുതിയ വ്യക്തികളെകൂടി ഉൾപ്പെടുത്തി കൂടുതൽ ഗ്രൂപ്പുകൾ രൂപീകരിക്കും. വിവിധ മേഖലകളിലെ വിദഗ‌്ധരെ ഉൾപ്പെടുത്തി പരിശീലനം പൂർത്തിയാക്കുന്നതോടെ ഗ്രൂപ്പുകൾക്ക‌് അതത‌് സംരംഭങ്ങൾക്കായി പലിശരഹിത വായ‌്പയും ഇൻസെന്റീവും ലഭിക്കാൻ കുടുംബശ്രീ ഇടപെടും. 
ജില്ലയിൽ പദ്ധതി നടത്തിപ്പ‌് സംബന്ധിച്ച‌് വിശദമായ സർവേ നടത്തി റിപ്പോർട്ട‌് കുടുംബശ്രീ സംസ്ഥാന മിഷന‌് സമർപ്പിച്ചിട്ടുണ്ട‌്. ജൂൺ അവസാന വാരത്തോടെ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക‌് തുടക്കം കുറിക്കാനാകുമെന്ന‌് കുടുംബശ്രീ  ജില്ലാ പ്രോഗ്രാം മാനേജർ എം ടി സമീർ പറഞ്ഞു.   നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.  കാർഷിക സർവകലാശാല, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ്, ശുചിത്വമിഷൻ തുടങ്ങിയ വകുപ്പുകളിലെ വിദഗ‌്ധരുടെ നിർദേശവും സേവനവും പദ്ധതിക്കായി വിനിയോഗിക്കും.
പ്രധാന വാർത്തകൾ
 Top