15 October Tuesday

പച്ചത്തേങ്ങ സംഭരണം: പ്രതീക്ഷയിൽ കർഷകർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
മലപ്പുറം
പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ ജില്ലയിലെ കേര മേഖലയും കർഷകരും പ്രതീക്ഷയിൽ. നിലവിൽ കിലോയ്ക്ക‌് 25 രൂപയായി നിശ‌്ചയിച്ച താങ്ങുവില 27 രൂപയാക്കി വർധിപ്പിക്കാനുള്ള ശ്രമംകൂടി നടപ്പാകുന്നതോടെ കേര കർഷകരുടെ ആശങ്കകൾക്കും അറുതിയാകും. നിലവിൽ ജില്ലയിൽ ഒരുലക്ഷം ഹെക്ടറിലാണ് തെങ്ങ് കൃഷിയുള്ളത്. കടുത്ത വരൾച്ചയിൽ ഉൽപ്പാദനം കുറഞ്ഞതിനൊപ്പം തേങ്ങയുടെ വിലയിടിഞ്ഞത‌് കർഷകർക്ക് തിരിച്ചടിയായിരുന്നു. 35 രൂപ വരെ കിലോയ്ക്ക് കിട്ടിയിരുന്ന പച്ചത്തേങ്ങയ്ക്ക് 25 രൂപയിലെത്തി. എന്നാൽ ചില്ലറ വിൽപ്പന മേഖലയിൽ വിലക്കുറവ് പ്രകടമായിരുന്നില്ലെങ്കിലും ലാഭം ഇടനിലക്കാർക്കുമാത്രമായി. തെങ്ങുകയറ്റക്കാരുടെ ലഭ്യതക്കുറവുകൂടിയായതോടെ പലരും കേര മേഖലയിൽനിന്ന‌് പിൻവാങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ‌് സംസ്ഥാന സർക്കാർ പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കാൻ തീരുമാനിച്ചത‌്. 
കേരഫെഡ‌് സൊസൈറ്റികൾ വഴി സംഭരിക്കുന്ന നാളികേരം കൊപ്രയാക്കി നാഫെഡിന‌് കൈമാറുന്ന രീതിയിൽ നടപ്പാക്കാനാണ‌് സർക്കാർ തീരുമാനം. ജില്ലയിലെ ചുമതലപ്പെടുത്തുന്ന സൊസൈറ്റികളെ സംബന്ധിച്ച‌് അടുത്ത ദിവസങ്ങളിൽ തീരുമാനമുണ്ടായേക്കും.  
കേരഫെഡ‌്, നാളികേര വികസന കോർപറേഷൻ എന്നിവ വഴി കൊപ്ര സംഭരണത്തിനും പദ്ധതിയുണ്ട‌്. നാഫെഡ‌് നിശ്ചയിച്ച താങ്ങുവിലയായ 95.21 രൂപയ്ക്കായിരിക്കും സംഭരണം. പച്ചത്തേങ്ങ കൊണ്ടുവരുന്ന കർഷകർക്ക‌് സൊസൈറ്റികൾവഴി സംസ‌്കരിച്ച‌് കൊപ്രയാക്കി കേരഫെഡ‌ിലൂടെ നാഫെഡിന‌് നൽകാനുള്ള സൗകര്യവുമുണ്ട‌്. 
വിലയിടിവ് രൂക്ഷമായ 2007-–-2008 കാലയളവിലാണ് ജില്ലയിൽ 6449 ഹെക്ടറിലെ നാളികേര കൃഷി കർഷകർ ഉപേക്ഷിച്ചത‌്. തെങ്ങ് കൃഷിയെ പ്രോത്സാഹിപ്പിക്കാനെടുത്ത നടപടികളും ഇടക്കാലത്ത് തേങ്ങ വിലയിലുണ്ടായ വർധനവും മൂലം 2012ൽ 3000 ഏക്കറോളം സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനായി. രോഗം ബാധിച്ച തെങ്ങുകൾക്ക് പകരം അത്യുൽപ്പാദന ശേഷിയുള്ള തെങ്ങുകൾ കൃഷി ചെയ്യുന്നത് വർധിച്ചതോടെ നാളികേര ഉൽപ്പാദനത്തിലും കാര്യമായ വർധനയുണ്ട‌്. 80 കോടി നാളികേരമാണ് ഒരുവർഷത്തെ ഉൽപ്പാദനം.10,117 തേങ്ങയാണ് ജില്ലയിലെ ഒരു ഹെക്ടറിലെ ശരാശരി ഉൽപ്പാദനം.
കോൾപാടങ്ങളുടെ ബണ്ടുകളിൽ തെങ്ങിൻതൈ മാതൃകാ തോട്ടം പദ്ധതിയും ജില്ലക്ക‌് ഗുണകരമാകും. പൊന്നാനി, തൃശൂർ എന്നിവിടങ്ങളിലെ കോൾപാടങ്ങളുടെ ബണ്ടുകളിലാണ‌് തോട്ടം നിർമിക്കുന്നത‌്. പത്ത‌് വർഷത്തിനകം രണ്ട‌് കോടി തെങ്ങിൻതൈകളാണ‌് ഈ പ്രദേശത്ത‌് നട്ടുപിടിപ്പിക്കുക.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top