19 April Friday

അഭിനന്ദിച്ച് മുൻ എംഎസ്എഫ് നേതാവ‌്

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019
മലപ്പുറം 
യുവാക്കൾ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷം പ്രകടിപ്പിച്ചും മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി വി പി സാനുവിനെ അഭിനന്ദിച്ചും എംഎസ്എഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എംഎസ്എഫ് മുൻ  ജില്ലാ ജനറൽ സെക്രട്ടറി  കെ എം ഷാഫിയാണ് അഭിപ്രായം തുറന്നുപറഞ്ഞ് രംഗത്തുവന്നത്.
 ‘രാഷ്ട്രീയത്തിൽ രണ്ടറ്റങ്ങളിലായിരുന്നിട്ടും അടുത്ത സൗഹൃദമാണിവനോട്. പലപ്പോഴും വിളിക്കും.  എഴുത്തുകളും പുസ്തകവും വായിച്ച്   അഭിപ്രായം പറയും. ചിലപ്പോൾ രാഷ്ട്രീയം പറഞ്ഞ് തർക്കിക്കും.  ചിലപ്പോഴൊക്കെ വിളിക്കുമ്പോൾ മേഘാലയയിലാണ്, ഒറീസയിലാണെന്നൊക്കെ സന്ദേശം വരും, ഒന്ന് ഒഴിഞ്ഞുകിട്ടിയാൽ എന്താ സാഹിബേന്ന് ചോദിച്ചൊരു വിളിയാണ്. ഇന്നലെയും വിളിച്ചു. ഞാനങ്ങോട്ട് വരുന്നുണ്ട്ട്ടോന്ന് പറഞ്ഞു. സത്യം പറഞ്ഞാൽ ഏത് പാർടിയിലായാലും ഇത്തരം യുവാക്കൾ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷം’–-  ഷാഫി പറയുന്നു. 
   ‘സുഹൃത്ത് സാനുവിന്റെ സ്ഥാനാർഥിത്വത്തിൽ അവനൊരുപാട് അഭിനന്ദനങ്ങൾ, ഇത് സൗഹൃദത്തിന്റെ രാഷ്ട്രീയമാണ്’ എന്ന് പറഞ്ഞാണ് പോസ‌്റ്റ‌് അവസാനിപ്പിക്കുന്നത‌്. പോസ‌്റ്റ‌് വ്യാപകമായി പ്രചരിച്ചതോടെ ലീഗുകാർ സമ്മർദവുമായി എത്തി. സാനുവിനെ അഭിനന്ദിക്കുകയായിരുന്നുവെന്നും വോട്ട‌് അഭ്യർഥിച്ചിട്ടില്ലെന്നും ഷാഫിക്ക‌് പിന്നീട്‌ വ്യക്തമാക്കേണ്ടിവന്നു. 
  വി പി സാനുവിനെ പിന്തുണച്ചും മുസ‌്ലിംലീഗിനെ നിശിതമായി വിമർശിച്ചും കെഎസ‌്‌യു നേതാവ‌് ജസ‌്‌ല മാടശേരിയും പരസ്യമായി രംഗത്തിറങ്ങിയിരുന്നു.  യുവാക്കളെയും പുതുമുഖങ്ങളെയും തഴഞ്ഞ് സിറ്റിങ്‌ എംപിമാരെ മത്സരിപ്പിച്ച ലീഗിനെതിരെ യുഡിഎഫ‌് വോട്ടർമാരിൽ പ്രതിഷേധം  വ്യാപകമാണ‌്. 
പ്രധാന വാർത്തകൾ
 Top