04 April Saturday
മാന്ധാദ്രി പുരസ്‌കാരം നടൻ നെടുമുടി വേണുവിന്‌ സമ്മാനിച്ചു

ഞെരളത്ത് സംഗീതോത്സവത്തിന് തിരിതെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

ഞെരളത്ത് സംഗീതോത്സവത്തിന് സിനിമാ താരം ഭാമ തിരിതെളിയിക്കുന്നു

 
അങ്ങാടിപ്പുറം
സോപാന സംഗീതാചാര്യൻ ഞെരളത്ത് രാമപൊതുവാളുടെ ഓർമയ്‌ക്കായി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവസ്വം നടത്തുന്ന ഞെരളത്ത് സംഗീതോത്സവത്തിന് പ്രൗഢതുടക്കം.  ഞെരളത്തിന്റെ ഓർമക്കായി ദേവസ്വം ഏർപ്പെടുത്തിയ മാന്ധാദ്രി പുരസ്‌കാരം നടൻ നെടുമുടി വേണു ഏറ്റുവാങ്ങി.
19 വരെ നടക്കുന്ന സംഗീതോത്സവത്തിന്‌ സിനിമാ താരം ഭാമ തിരിതെളിയിച്ചു.
മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ കെ വാസു ചടങ്ങ്‌ ഉദ്ഘാടനംചെയ്തു. മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി എൻ ശിവശങ്കരൻ അധ്യക്ഷനായി. മലബാർ ദേവസ്വം ബോർഡ് കമീഷണർ കെ മുരളി മുഖ്യാതിഥിയായി. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന മാന്ധാദ്രി പുരസ്‌കാരം നടൻ നെടുമുടി വേണുവിന്  ഒ കെ വാസു സമ്മാനിച്ചു.  ദേവസ്വം ബോർഡ് മെമ്പർ ഗീതാ ഭായ്, നടൻ വി കെ ശ്രീരാമൻ, തന്ത്രി പി എം നാരായണൻ നമ്പൂതിരി, പി സി അരവിന്ദൻ, ഡോ. സുധ രഞ്ജിത്ത്, ഡോ. എൻ പി വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. പുരസ്‌കാര ജേതാവ്‌ നെടുമുടി വേണു  മറുപടി പ്രസംഗം നടത്തി.  
ഞെരളത്ത് രാമപൊതുവാളുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മയും കുടുംബാംഗങ്ങളും പരിപാടിക്കെത്തിയിരുന്നു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സി സി ദിനേശ് സ്വാഗതവും അസിസ്റ്റന്റ് മാനേജർ എ എൻ ശിവപ്രസാദ് നന്ദിയും പറഞ്ഞു. 
ഉദ്ഘാടനത്തിനുശേഷം ഡോ. സുധ രഞ്ജിത്ത് ഉദ്ഘാടന കച്ചേരി അവതരിപ്പിച്ചു.
വരും ദിവസങ്ങളിൽ രാവിലെ 7.30 മുതൽ വൈകിട്ട്‌ 6.30 വരെ നടക്കുന്ന സംഗീതാർച്ചനയിൽ പാടിത്തെളിഞ്ഞവരും പാടിത്തുടങ്ങുന്നവരുമായ ആയിരങ്ങൾ പങ്കെടുക്കും.
പ്രധാന വാർത്തകൾ
 Top