21 February Thursday

ഇനി ഇവർക്കുറങ്ങാം ‘സാന്ത്വന’തണലിൽ

സ്വന്തം ലേഖകൻUpdated: Wednesday Jan 16, 2019

തുവ്വൂർ പഞ്ചായത്തിൽ പുതൂർ ലക്ഷ്മിക്ക‌് കെഎസ്എസ് പി യു നിർമിച്ചു നൽകിയ വീട്‌

 
വണ്ടൂർ
നന്മയുടെ ഭവനമൊരുക്കി പെൻഷൻകാർ.  ‘സാന്ത്വനം’ പദ്ധതിയിലൂടെ തുവ്വൂരിലെ ലക്ഷ‌്മിക്കും സഹോദരിമാർക്കും വീട‌ുനിർമിച്ച‌് നൽകിയാണ‌് കനിവിന്റെ മാതൃക. 
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ‌്എസ‌്പിയു)  ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ‌് സമ്മേളനം നടക്കുന്ന ബ്ലോക്കിലെ വീടില്ലാത്ത ഒരുകുടുംബത്തിന് വീടുപണിത‌് നൽകുന്നത‌്.
ലക്ഷ്മി (46), സഹോദരിമാരായ സുലോചന (42), അനിത (40), ലക്ഷ്മിയുടെ മൂത്തസഹോദരി പരേതയായ സരോജിനിയുടെ മകൾ ബിന്ദു (28) എന്നിവർ ഒരുമിച്ചാണ് താമസിക്കുന്നത്. എല്ലാവരും അവിവാഹിതർ. 
ഇവരുടെ വീടുകണ്ടാൽ ആരുടെയും മനമിടറും. മരക്കമ്പുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വലിച്ചുകെട്ടിയ കൂരയിലാണ് താമസം. 
മൂന്നുസെന്റ് സ്ഥലമുണ്ടെങ്കിലും വീടെന്ന സ്വപ്നം വിദൂരത്തായിരുന്നു. എല്ലാവരും കൂലിപ്പണിക്കാർ.  ലക്ഷ്മിക്ക‌് തുവ്വൂർ പഞ്ചായത്തിന്റെ കീഴിലുള്ള മാലിന്യ ശേഖരണ–-സംസ്കരണ കേന്ദ്രത്തിൽ ജോലിയുണ്ട‌്. അച്ഛനും അമ്മയും മരിച്ചു. 
അടുത്തുതന്നെ സഹോദരൻ താമസിക്കുന്നുണ്ടെങ്കിലും ഇവരെ സഹായിക്കാൻ കഴിയുന്ന അവസ്ഥയിലല്ല.  
ചോക്കാട്, പോരൂർ, തുവ്വൂർ പഞ്ചായത്തുകളിൽനിന്നും ലഭിച്ച അപേക്ഷകളിൽ പരിശോധന നടത്തിയാണ് ഏറ്റവും അർഹതയുള്ള ലക്ഷ്മിയേയും കുടുംബത്തെയും തെരഞ്ഞെടുത്തത് .   
‘ സാന്ത്വന’ത്തിൽ പ്രവൃത്തി പൂർത്തിയാക്കിയ വീടിന് ആറുലക്ഷം രൂപയാണ് ചെലവ‌്. ഇതിൽ ജില്ലാ കമ്മിറ്റിയും വണ്ടൂർ ബ്ലോക്ക് കമ്മിറ്റിയും രണ്ടുലക്ഷം വീതവും രണ്ടുലക്ഷം രൂപ മറ്റ് ബ്ലോക്ക് കമ്മിറ്റികളുമാണ് വഹിക്കുന്നത്. 
സെപ്തംബർ 22ന് തുവ്വൂർ പഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലനാണ് വീടിന് തറക്കല്ലിട്ടത്.  
മൂന്നുമാസംകൊണ്ട‌് വീടിന്റെ പണി പൂർത്തീകരിച്ചു.  രണ്ട് മുറി, ഹാൾ, അടുക്കള,  ബാത്ത്റൂം, സിറ്റൗട്ട്,  ഗോവണി, പുകയില്ലാത്ത അടുപ്പ്  തുടങ്ങി എല്ലാ സൗകര്യവും ഒരുക്കി. വയറിങ‌്  ഉൾപ്പെടെ പൂർത്തിയാക്കി. നിലത്ത് ടൈലും വിരിച്ചു.   
പഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലൻ, സ്റ്റാന്‍ഡിങ‌് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ്, കെഎസ്എസ്പിയു  ജില്ലാ പ്രസിഡന്റ് പി കെ അബ്ദുറഹിമാൻ, ജില്ലാ സെക്രട്ടറി സി ജി താരാനാഥ്,  ജില്ലാ ജോ. സെക്രട്ടറി പി ദാമോദരൻ, കൺവീനർ മമ്മു പട്ടണത്ത്, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഇ ഉണ്ണികൃഷ്ണൻ, ടി മുരളീധരൻ, എം സി ചാക്കോ, പി കെ രാജമ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവൃത്തി. 
വീടിന്റെ ഉദ്ഘാടനവും താക്കോൽ ദാനവും 19ന് രാവിലെ 8.30ന്  സ‌്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിക്കും. മാർച്ച് ഒമ്പതിന‌് വണ്ടൂരിലാണ‌് ജില്ലാ സമ്മേളനം.
പ്രധാന വാർത്തകൾ
 Top