തേഞ്ഞിപ്പലം
ജില്ലാ സ്കൂൾ കായികോത്സവത്തിന്റെ സുവർണ താരങ്ങളായി ഒമ്പത് പേർ. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ നാല് പേരാണ് വ്യക്തിഗത ചാമ്പ്യന്മാർ. മറ്റ് എല്ലാ വിഭാഗങ്ങളിലും ഒരാൾ വീതമാണുള്ളത്.
സീനിയർ വിഭാഗം ആൺകുട്ടികളിൽ 15 പോയിന്റ് നേടി കടകശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കെ വി മുഹമ്മദ് ജാബിർ റഹ്മാനും(3000 മീ, 1500 മീ, 800 മീ സ്വർണം) പെൺകുട്ടികളിൽ 13 പോയിന്റുമായി കാവനൂർ സിഎച്ച്എംകെഎം എച്ച്എസിലെ പി ആഷികയും(ജാവലിൻ ത്രോ, ഡിസ്കസ് ത്രോ സ്വർണം, ഷോട്ട്പുട്ട് വെള്ളി) നേട്ടം കൈവരിച്ചു.
ജൂനിയർ ആൺകുട്ടികളിൽ 10 പോയിന്റുമായി നാല് പേരാണ് വ്യക്തിഗത ചാമ്പ്യന്മാരായത്. പരിയാപുരം സെന്റ് മേരീസ് എച്ച്എസ്എസിലെ അലൻ ജോൺ (400 മീ, 400 മീ ഹർഡിൽസ്), താനൂർ ഡിജിഎച്ച്എസ്എസിലെ വി മുഹമ്മദ് ഹനാൻ (100 മീ, 100 മീ ഹർഡിൽസ്), പത്തല്ലൂർ എച്ച്എസ്എസിലെ മുഹമ്മദ് സിമൽ (ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ), കടകശേരി ഐഡിയൽ സ്കൂളിലെ പി കെ അഭിനവ് (ലോങ്ജമ്പ്, ട്രിപ്പിൾജമ്പ്) എന്നിവർ രണ്ട് വീതം സ്വർണം നേടി. ജൂനിയർ പെൺകുട്ടികളിൽ 800 മീ, 1500 മീ, 3000 മീറ്ററുകളിൽ സ്വർണം നേടി 15 പോയിന്റുമായി ഐഡിയൽ സ്കൂളിലെ റിന്റി പി രാജു വ്യക്തിഗത ചാമ്പ്യൻ പട്ടം നേടി.
സബ്ജൂനിയർ വിഭാഗത്തിൽ പറപ്പൂർ ഐയുഎച്ച്എസ്എസിലെ കെ അഭിജിതും (200 മീ, 400 മീ സ്വർണം), കടകശേരി ഐഡിയൽ സ്കൂളിലെ അരുണീകൃഷ്ണ (ലോങ്ജമ്പ്, ഹൈജമ്പ് സ്വർണം, 80 മീ ഹർഡിൽസ് വെള്ളി)യും ചാമ്പ്യൻപട്ടത്തിന് അർഹരായി.