07 July Tuesday
- കട തുടങ്ങാനുള്ള മോഷ്‌ടാക്കളുടെ നീക്കം വിനയായി

ആഭരണശാലയിലെ മോഷണം; പ്രതികൾ മഹാരാഷ്‌ട്രയിൽ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019
 
തിരൂർ
തിരൂരിലെ ആഭരണ നിർമാണശാലയിൽനിന്ന്‌  സ്വർണക്കട്ടികളും പണവും മോഷ്‌ടിച്ച്‌ മുങ്ങിയ മഹാരാഷ്‌ട്ര സ്വദേശികളെ ഗുണ്ടാതാവളത്തിൽനിന്ന്‌ തിരൂർ പൊലീസ്‌ പിടികൂടി. 
വിനായക് ഗോൾഡ് വർക്സ്‌  ജീവനക്കാരായിരുന്ന  മഹാരാഷ്ട്ര സാംഗ്ളി ബൊർഗാവ് സ്വദേശി സന്ദീപ് പാട്ടീൽ,  സഹായി വിശാൽ മഹാദേവ് എന്നിവരാണ്‌ മഹാരാഷ്‌ട്രയിലെ  ഇസ്ളാംപൂളിൽനിന്ന്‌ പിടിയിലായത്‌.  മാസങ്ങൾക്കുമുമ്പായിരുന്നു മോഷണം. 11 ലക്ഷം രൂപയുടെ സ്വർണവും നാലുലക്ഷം രൂപയുമാണ്‌ കവർന്നത്‌.  മോഷണ ദൃശ്യം സിസിടിവിയിൽനിന്ന്‌ പൊലീസിന്‌ ലഭിച്ചിരുന്നു. എന്നാൽ, പ്രതികളെ പിടികൂടാനായില്ല.  ഇരുവരും ചേർന്ന് മഹാരാഷ്ട്രയിലെ വഡാലയിൽ സ്വർണാഭരണ നിർമാണശാല തുടങ്ങുന്നതായി പൊലീസിന്‌ വിവരം ലഭിച്ചതാണ്‌ നിർണായകമായത്‌.  മഹാരാഷ്‌ട്രയിലെത്തിയ പൊലീസ്‌ ഗുണ്ടാപ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധമായ ഒളിത്താവളത്തിൽനിന്ന് ഇരുവരെയും സാഹസികമായി പിടികൂടുകയായിരുന്നു. 
പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി.  തിരൂർ സിഐ ടി പി ഫർഷാദിന്റെ മേൽനോട്ടത്തിൽ തിരൂർ എസ്ഐ  അബ്ദുൾ ജലീൽ കറുത്തേടത്ത്, എഎസ്ഐ പ്രമോദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ് എന്നിവരാണ്‌ പ്രതികളെ പിടിച്ചത്‌.
 
പ്രധാന വാർത്തകൾ
 Top