04 December Wednesday

സൗദി എയർലൈൻസ് 
കരിപ്പൂരിൽ തിരിച്ചെത്തുന്നു

ബഷീർ അമ്പാട്ട്‌Updated: Tuesday Oct 15, 2024

തീരുമാനം വലിയ വിമാനങ്ങൾക്ക്‌ അനുമതി 
ലഭിക്കാത്ത സാഹചര്യത്തിൽ

റിയാദിലേക്കുള്ള സർവീസ് ഡിസംബർ ആദ്യവാരം ആരംഭിക്കും

കരിപ്പൂർ
കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ വിപുലീകരണം നീളുന്നതിനിടെ ചെറിയ എയർക്രാഫ്റ്റുകളുമായി സൗദി എയർലൈൻസ് മടങ്ങിവരുന്നു. വലിയ വിമാനങ്ങൾക്ക് അനുമതി വൈകുന്നതിനിടെയാണ്‌ പുതിയ നീക്കം. റിയാദിലേക്കുള്ള സർവീസ് ഡിസംബർ ആദ്യവാരം ആരംഭിക്കാനാണ് പദ്ധതി.  
കരിപ്പൂരിൽനിന്ന്‌ വലിയ വിമാനങ്ങളുടെ സർവീസ്‌ പുനരാരംഭിക്കാൻ സൗദി എയർലൈൻസ്‌ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷ നൽകിയിട്ട്‌ മാസങ്ങളായി. 27ന് ജിദ്ദ, റിയാദ് മേഖലയിലേക്ക് സർവീസ് ആരംഭിക്കാനായിരുന്നു തീരുമാനം. ജിദ്ദയിലേക്ക് ആഴ്‌ചയില്‍ നാലും റിയാദിലേക്ക്  മൂന്നും സര്‍വീസുകളാണ് പരിഗണിച്ചത്‌. നവംബര്‍ അവസാനത്തോടെ സര്‍വീസുകള്‍ പതിനൊന്നായി ഉയര്‍ത്താനും പദ്ധതിയിട്ടിരുന്നു. കോഡ് ഇ വിഭാഗത്തിലെ വലിയ വിമാനങ്ങളുടെ സർവീസാണ്‌ തീരുമാനിച്ചത്. 36 ബിസിനസ് ക്ലാസും 298 ഇക്കണോമി സീറ്റുകളുമായിരുന്നു വാഗ്ദാനം.
എന്നാൽ, റൺവേ എൻഡ്‌ സേഫ്‌റ്റി ഏരിയ (റെസ) പ്രവൃത്തിയടക്കം പൂർത്തിയായശേഷമേ അനുമതി നൽകൂ എന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്‌. സൗദി എയർലൈൻസിന്‌ ചെറിയ വിമാനങ്ങൾ ഇല്ലാത്തതിനാൽ വാടകക്കെടുത്ത് സർവീസ് ആരംഭിക്കാനാണ് ശ്രമം.
റൺവേയുടെ വിപുലീകരണ പ്രവൃത്തിയുടെ ഭാഗമായി 2015ലാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂർ വിട്ടത്. 2020ലെ അപകടത്തോടെ വലിയ വിമാനങ്ങളുടെ സർവീസ്‌ പൂർണമായി നിലച്ചു. വിമാനാപകടം അന്വേഷിച്ച കമീഷന്‍ നിർദേശിച്ച എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയെങ്കിലും വലിയ വിമാനങ്ങള്‍ക്ക് വിലക്ക് തുടരുകയാണ്‌. സൗദി എയർലൈൻസ്‌ നിലവിൽ ബംഗളൂരു, ചെന്നൈ, കൊച്ചി, മുംബൈ, തിരുവനന്തപുരം, ഡല്‍ഹി, ഹൈദരാബാദ്, ലഖ്‌നൗ വിമാനത്താവളങ്ങളിലേക്ക് വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്തുന്നുണ്ട്. അനുമതി അനന്തമായി നീളുന്നത്‌ എമിറേറ്റ്‌സ് എയര്‍, ഒമാന്‍ എയര്‍ എന്നിവയുടെയും മടങ്ങിവരവ്‌ അനിശ്ചിതത്വത്തിലാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top