25 September Sunday
സ്വാതന്ത്ര്യദിനം

മന്ത്രി വി അബ്ദുറഹ്മാൻ അഭിവാദ്യം സ്വീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

സാമൂഹിക്‌ ജാഗരൺ റാലി മഞ്ചേരിയില്‍ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യുന്നു

 
മലപ്പുറം
സ്വാതന്ത്ര്യ ദിനത്തിൽ മലപ്പുറം എംഎസ്‌പി ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ മന്ത്രി വി അബ്ദുറഹ്മാൻ അഭിവാദ്യം സ്വീകരിക്കും. പരേഡും അനുബന്ധ പരിപാടികളും തിങ്കളാഴ്ച രാവിലെ എട്ടുമുതൽ ആരംഭിക്കും. വിവിധ സേനകളുടെ പരേഡിൽ സല്യൂട്ട് സ്വീകരിച്ചശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. പരേഡിന് എംഎസ്‌പി അസി. കമാൻഡന്റ്‌ നേതൃത്വം നല്‍കും.  സിവിൽ സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് മന്ത്രി എംഎസ്‌പി പരേഡ് ഗ്രൗണ്ടിൽ എത്തുക.  എംഎസ്‌പി, ലോക്കൽ പൊലീസ്, വനിതാ പൊലീസ്, എക്‌സൈസ്, അഗ്നിശമന സേന തുടങ്ങി സേനാ വിഭാഗങ്ങളും എൻസിസി, എസ്‌പിസി, സ്‌കൗട്ട്‌സ് ആൻഡ്‌ ഗൈഡ്‌സ് തുടങ്ങിയവയും പരേഡിൽ അണിനിരക്കും. പരേഡിനുശേഷം ജില്ലയിലെ തെരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങളില്‍നിന്നുള്ള 90 വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. ഏറ്റവും നന്നായി അലങ്കരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണസംവിധാനം സമ്മാനം നൽകും.
 

കേന്ദ്രത്തിന്‌ അമിതാധികാര പ്രവണത: എ വിജയരാഘവൻ

മഞ്ചേരി
അമിതാധികാര പ്രവണത രാജ്യത്ത്‌ ശക്തിപ്പെടുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. 
ചരിത്രത്തെ തലകീഴായിമറിക്കാനാണ്‌ സംഘപരിവാർ ശ്രമം. ഡൽഹിയിൽ പലയിടത്തും ഉയർന്ന സ്വാതന്ത്ര്യസമര പോരാളികളുടെ പട്ടികയിൽ ജവാഹർ ലാൽ നെഹ്‌റുവിന്റെ ചിത്രമില്ല. രാജ്യം എങ്ങോട്ടാണ്‌ പോകുന്നതെന്നതിന്റെ സൂചനയാണിത്‌‌. സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലാത്ത സംഘപരിവാർ രാജ്യചരിത്രത്തെ വക്രീകരിക്കുകയാണെന്നും സാമൂഹിക്‌ ജാഗരൺ റാലി ഉദ്‌ഘാടനംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു. 
 രാജ്യത്ത്‌ നിയമങ്ങൾ വലിയതോതിൽ ദുരുപയോഗപ്പെടുത്തുന്നു. പലരെയും എന്തിനാണ്‌ ജയിലിൽ അടയ്‌ക്കുന്നതെന്നുപോലും അറിയാത്ത അവസ്ഥയാണ്‌. ദളിതരും പിന്നോക്കക്കാരും മതന്യൂനപക്ഷ വിഭാഗങ്ങളുമാണ്‌ ഇതിൽ അധികവും. 
എതിരഭിപ്രായം പറയുന്നവരെ സസ്‌പെൻഡ്‌ ചെയ്‌തുകൊണ്ടാണ്‌ പാർലമെന്റിൽ  ബില്ലുകൾ പാസാക്കുന്നത്‌. ഭൂരിപക്ഷമുള്ളതുകൊണ്ട്‌ ഇഷ്ടമുള്ളത്‌ ചെയ്യാം എന്ന ധാരണയാണ്‌ കേന്ദ്രത്തിന്‌. രാജ്യത്തെ ന്യൂനപക്ഷത്തിന്‌ എതിരെയുള്ള  ഭീഷണിയെ നേരിടാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്‌. കോർപറേറ്റ്‌ മുതലാളിമാർക്കുവേണ്ടിയാണ്‌ നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നത്‌. സംഘപരിവാറിനെതിരെ ചെറുവിരലനക്കാൻ  മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്‌ കഴിയുന്നില്ല. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇഡിയുടെ നോട്ടീസ്‌ കിട്ടുമ്പോൾ മാത്രമാണ്‌ കോൺഗ്രസിന്‌ ചെറുതായി പൊള്ളുന്നത്‌. കേരളത്തെ പരമാവധി സാമ്പത്തികമായി ഞെരുക്കാനാണ്‌ കേന്ദ്രനീക്കം. ദേശീയപാത ആറുവരിയായി വികസിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഏറ്റവും അധികം സമരം ഉയർന്നുവന്ന സ്ഥലമാണ്‌ മലപ്പുറം. എന്നാൽ,  സംസ്ഥാനത്ത്‌  ആദ്യം ദേശീയപാതാ വികസനം പൂർത്തിയാക്കുന്നത്‌ മലപ്പുറത്താണ്‌. ഗെയിൽ പൈപ്പ്‌ ലൈൻ വഴി സംസ്ഥാനത്ത്‌ ആദ്യം പാചകവാതക കണക്ഷൻ നൽകുന്നത്‌  മഞ്ചേരിയിലാണ്‌. സ്വന്തം നാട്ടിലെ വികസനം തടയാൻ ഡൽഹിയിൽ പോയി സമരംചെയ്യുന്ന കേരളത്തിലെ കോൺഗ്രസ്‌ എംപിമാരെ കണ്ട്‌ ഡൽഹി പൊലീസ്‌ അമ്പരന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top