24 September Thursday

ആശങ്കപ്പുറം

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020

 മലപ്പുറം

ജില്ലയിൽ കലക്ടർ കെ ഗോപാലകൃഷ്‌ണനും ജില്ലാ പൊലീസ്‌ മേധാവി യു അബ്ദുൾ കരീമിനും കോവിഡ്‌ 19 സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ആശങ്ക കനത്തു. ഭരണ സിരാകേന്ദ്രമായ കലക്ടറേറ്റിൽ അസി. കലക്ടറും സബ്‌ കലക്ടറും ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ്‌ പ്രതിരോധം ഉൾപ്പെടെ ആശങ്കയിലായി. 
കോവിഡ്‌ പ്രതിരോധത്തിന്‌ നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഡിഎംഒ ഉൾപ്പെടെ നിരീക്ഷണത്തിലാണ്‌. ജില്ലാ പൊലീസ്‌ മേധാവിക്ക്‌ കോവിഡ്‌ ബാധിച്ചത്‌ പൊലീസിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്‌.   പെരിന്തൽമണ്ണ സബ്‌ കലക്ടർക്ക്‌ ഉൾപ്പെടെ രോഗം സ്ഥിരീകരിച്ചത്‌ അവിടെയും ആശങ്ക കനപ്പിച്ചിട്ടുണ്ട്‌. 
കരിപ്പൂർ വിമാനദുരന്ത മുഖത്ത്‌‌ സജീവമായിരുന്ന ഉദ്യോഗസ്ഥരാണ്‌ കലക്ടറും എസ്‌പിയും. ഇരുവരും ദുരന്തമുണ്ടായ വെള്ളിയാഴ്‌ച രാത്രി മുതൽ പിറ്റേദിവസം വൈകുന്നേരം വരെ വിമാനത്താവളത്തിൽ സജീവമായിരുന്നു. ഇതിനിടയിൽ നൂറുകണക്കിന് പേരുമായാണ്‌ സമ്പർക്കത്തിൽ ഏർപ്പെട്ടത്‌. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ പ്രമുഖർ അടങ്ങുന്നതാണ്‌ സമ്പർക്ക പട്ടിക. എന്നാൽ, ഇവരെ കൂടാതെ നിരവധി പേർ നേരിട്ടും അല്ലാതെയും ഇരുവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്‌. 
കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്‌ സിങ് പുരി വിമാനത്താവളം സന്ദർശിച്ചപ്പോൾ എസ്‌പി ഒപ്പമുണ്ടായിരുന്നു. വിമാനത്താവള ഡയറക്ടറുടെ ഓഫീസിൽ വാർത്താസമ്മേളനം വിളിച്ചപ്പോഴും എസ്‌പി എത്തി. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, എം കെ രാഘവൻ എംപി, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. എന്നാൽ, എസ്‌പി അടുത്ത്‌ ഇടപഴകിയിട്ടില്ലാത്തതിനാൽ സമ്പർക്കപ്പട്ടികയിൽ ഇവരാരും ഉൾപ്പെട്ടിട്ടില്ല.  വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർ, വിമാനത്താവള  സുരക്ഷാവിഭാഗം, ഫയർഫോഴ്‌സ്‌, പൊലീസ്‌, മാധ്യമ പ്രവർത്തകർ എന്നിവർ ഉൾപ്പെടെ  സമ്പർക്കത്തിൽ ഏർപ്പെട്ട നിരവധി പേർ വെറെയും ഉണ്ട്‌.  
കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ ക്വാറന്റൈനിൽ പോകണമെന്ന്‌ ആരോഗ്യ വകുപ്പ്‌ ശനിയാഴ്‌ചതന്നെ നിർദേശം നൽകിയിരുന്നു. അന്നുമുതൽ കലക്ടർ ക്വാറന്റൈനിലാണ്‌. ഗൺമാന്‌ രണ്ട്‌ ദിവസം  മുമ്പ്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ എസ്‌പിയും ക്വാറന്റൈനിലായിരുന്നു. ഇത്‌ കൂടുതൽ പേർക്ക്‌ രോഗം പടരാതിരിക്കാൻ കാരണമായി. കോവിഡ്‌ സ്ഥിരീകരിച്ച അസി. കലക്ടർ, പെരിന്തൽമണ്ണ സബ്‌ കലക്ടർ എന്നിവരും തുടർ ദിവസങ്ങളിൽ ഓഫീസിൽ എത്തിയിരുന്നില്ല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top