22 September Sunday

ആദിവാസികൾ അഭയംതേടിയത് ശവപ്പറമ്പിൽ

സ്വന്തം ലേഖകൻUpdated: Thursday Aug 15, 2019

മുണ്ടംകടവ് ആദിവാസി ഊരിലെ ഉരുൾപൊട്ടലിൽ തകർന്ന വീട്‌

 
മലപ്പുറം
കരുളായി വനത്തിൽ ഉരുൾപൊട്ടി മുണ്ടങ്കടവ്, പുലിമുണ്ട കോളനികൾ തകർന്ന് തരിപ്പണമായി. 12 വീടുകൾ പൂർണമായും തകർത്ത മലവെള്ളപ്പാച്ചിലുണ്ടായ അർധരാത്രി ആദിവാസികൾ അഭയംതേടിയത് ‘കൂളി’ എന്നുവിളിക്കുന്ന അവരുടെ ശവപ്പറമ്പിൽ. 
കഴിഞ്ഞ ഏഴിന് രാത്രിയാണ് വനത്തിൽ ഉരുൾപൊട്ടിയത്.  പുഴയിൽനിന്ന് കുത്തിയൊഴുകിയ ചെളിയും മണലും മരങ്ങളും  നിറഞ്ഞിരിക്കയാണ് ഈ കോളനികൾ.    സ്ഥലവാസികൾക്കുപോലും തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണിപ്പോൾ മുണ്ടങ്കടവ്. 
കോളനിയിലെ തകരാത്ത വീടുകൾ താമസിക്കാൻ കഴിയാത്തവിധം അപകടാവസ്ഥയിലാണ്.  മാഞ്ചീരിമലയുടെ മുകൾഭാഗത്തായി പാണപ്പുഴയോട് ചേർന്നും താളിപ്പുഴയിലുമാണ്  ഉരുൾപൊട്ടലുണ്ടായത്.
രാത്രി പത്തോടെ കരിമ്പുഴയിൽ വെള്ളത്തിന്റെ നിരപ്പ് ഉയരുന്നത് നോക്കിനിൽക്കുകയായിരുന്നു കോളനി നിവാസികൾ.  പിറകുവശത്തെ കിടങ്ങിലൂടെ  വെള്ളംവരുന്നത് കണ്ട കോളനി നിവാസിയായ  സുരേന്ദ്രൻ കൂക്കിവിളിച്ച് എല്ലാവരെയുംകൂട്ടി.  കിട്ടിയതും വാരിയെടുത്ത് 200 മീറ്റർ അകലെയുള്ള ഉയർന്നപ്രദേശമായ കൂളിയുടെ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. ഇരച്ചെത്തിയ മലവെള്ളം അപ്പോഴേക്കും  വീടുകളും ബദൽ സ്കൂളുമടക്കം എല്ലാം തകർത്തെറിഞ്ഞു.
കോളനിയിലേക്കുള്ള വഴിയിൽ വീണുകിടന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനായി വനം–-അഗ്നിരക്ഷാ ജീവനക്കാർ സ്ഥലത്ത്‌ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. 
ഈ സംഘം എത്തിയാണ് കോളനിക്കാരെ സുരക്ഷിത സ്ഥാനത്തേക്കുമാറ്റിയത്. രാത്രി 12ന് തുടങ്ങിയ രക്ഷാപ്രവർത്തനം 8ന് രാവിലെ ഏഴോടെയാണ് അവസാനിച്ചത്. പുലിമുണ്ടയിലെയും മുണ്ടക്കടവിലെയും കുടുംബങ്ങൾ ഇപ്പോൾ കൽക്കുളം എംഎംഎൽപി സ്കൂൾ ക്യാമ്പിലാണ്.
 നിലമ്പൂർ ജനമൈത്രി എക്സൈസ് സ്ക്വാഡ് ജീവനക്കാർ  മുണ്ടക്കടവിലും പുലിമുണ്ടയിലും എത്തിയപ്പോഴാണ് ഏഴുദിവസംമുമ്പുണ്ടായ സംഭവം പുറംലോകം അറിയുന്നത്. 
പുലിമുണ്ട കോളനിക്കുമുകളിൽ പുഴയോട് ചേർന്ന് ടൺ കണക്കിന് മരങ്ങൾ മലവെള്ളപ്പാച്ചിലിൽ കടപുഴകി വന്ന് ഭിത്തിപോലെ രൂപപ്പെട്ടില്ലായിരുന്നെങ്കിൽ ഇവിടെ  വീടിന്റെ ഒരു കണികപോലും കാണില്ലായിരുന്നു.
കൂളിയുടെ മുകളിൽ ഉയർന്ന സ്ഥലത്ത് വീടുവയ്ക്കാൻ  അനുവദിക്കണമെന്നാണ് കോളനിക്കാരുടെ ആഗ്രഹമെന്ന്, ദിവസങ്ങൾ പട്ടിണിയിലായ വളർത്തുമൃഗങ്ങൾക്ക് തീറ്റകൊടുക്കാൻ വന്ന സുരേന്ദ്രനും ബേബിമോനും പറഞ്ഞു.
വെള്ളമിറങ്ങിത്തുടങ്ങിയപ്പോഴാണ് നിലമ്പൂർ വനമേഖലയിലെ ഉരുൾപൊട്ടലിന്റെ കൂടുതൽ വിവരം പുറത്തറിയുന്നത്. പുലിമട, അമ്പുമല, മാഞ്ചീരി, ഒറ്റത്താണി, മുണ്ടേരി അപ്പൻകാപ്പ്‌, പുഞ്ചക്കൊല്ലി, പന്തീരായിരം,  മേഖലയിലെല്ലാം ചെറുതും വലുതുമായ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top