03 August Monday

ജലജീവൻ ടെൻഡർ നടപടി ഉടൻ നീരൊഴുകും നിര്‍ത്താതെ

ആർ അജയ്ഘോഷ്‌Updated: Wednesday Jul 15, 2020

 

 
മലപ്പുറം
ഗ്രാമീണ മേഖലയിലെ വീടുകളിൽ വെള്ളമെത്തിക്കുന്ന ജലജീവൻ പദ്ധതിയുടെ ടെൻഡർ നടപടി ഈമാസം അവസാനത്തോടെ തുടങ്ങും‌. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിലെ ഒരുലക്ഷത്തിലേറെ കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകും. രണ്ട്‌ മാസത്തിനകം വീടുകളിൽ വെള്ളമെത്തിക്കുകയാണ്‌ ലക്ഷ്യം. പദ്ധതിയുടെ കർമപരിപാടി തയ്യാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്‌ ജല അതോറിറ്റി.
വരൾച്ച ബാധിത പ്രദേശങ്ങൾ, ജല ഗുണനിലവാര പ്രശ്നങ്ങൾ നേരിടുന്നയിടങ്ങള്‍ എന്നിവയ്‌ക്കാണ്‌‌ മുൻഗണന. ജല അതോറിറ്റിക്കാണ്  നടത്തിപ്പ് ചുമതല. നിർവഹണ മേൽനോട്ടം കലക്ടർ അധ്യക്ഷനായ ജില്ലാ സമിതിക്കാണ്‌. പഞ്ചായത്തുകളിലും സമിതിയുണ്ടാകും‌.
നടപടികൾ വേഗത്തിലാക്കാൻ‌ മണ്ഡലാടിസ്ഥാനത്തിൽ എംഎൽഎമാരുടെ അധ്യക്ഷതയിൽ തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിച്ചിരുന്നു‌‌. തവനൂർ, മലപ്പുറം, മഞ്ചേരി, വള്ളിക്കുന്ന്, കോട്ടക്കൽ, തിരൂർ, മങ്കട മണ്ഡലങ്ങളിൽ യോഗം ചേര്‍ന്നു. ആഗസ്‌തിനുമുമ്പ്‌ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ടി സുരേഷ്‌ബാബു പറഞ്ഞു.
100 കോടിയിലധികം രൂപ മുതൽമുടക്കിലാണ്‌ പദ്ധതി. സംസ്ഥാനവും കേന്ദ്രവും 50 ശതമാനംവീതം ചെലവ്‌ വഹിക്കും. സംസ്ഥാന വിഹിതത്തിന്റെ 25 ശതമാനം സർക്കാരും 15 ശതമാനം തദ്ദേശസ്ഥാപനങ്ങളും വഹിക്കും. 10 ശതമാനം ഗുണഭോക്‌തൃ വിഹിതമാണ്‌. സാമ്പത്തികശേഷിയില്ലാത്ത ഗുണഭോക്താക്കളുടെ വിഹിതം തദ്ദേശസ്ഥാപനങ്ങൾ വഹിക്കും. 
2024 വരെ തുടരുന്ന പദ്ധതിയിൽ ജില്ലയിലെ ആറ് ലക്ഷത്തോളം ഗ്രാമീണ ഭവനങ്ങളിൽ കണക്ഷൻ ലഭ്യമാകും.
 
 
 
മുഴുവൻ വീട്ടിലും    
                   ശുദ്ധജലം
കിഫ്‌ബി പദ്ധതികൾ ഉൾപ്പെടെ മുഴുവൻ വീടുകളിലും വെള്ളമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്‌‌. പൊന്നാനി, താനൂർ, പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി, വളാഞ്ചേരി നഗരസഭകളിലും എടവണ്ണ, തിരുവാലി,- വണ്ടൂർ എന്നിവടങ്ങളിലാണ്‌ കിഫ്ബിയിൽ ഉൾപ്പെടുത്തി കുടിവെള്ള പദ്ധതി വിഭാവനംചെയ്‌തത്‌. ചീക്കോടില്‍ 40 കോടി ചെലവിലും പദ്ധതി നടപ്പാക്കുന്നുണ്ട്‌. ഇവയോടൊപ്പം ജലജീവനും പൂർത്തിയാകുന്നതോടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top