03 August Monday

837 കെട്ടിടങ്ങൾക്ക്‌ വിലയിട്ടു ആറ്‌ വരിയാകും അതിവേഗം

സ്വന്തം ലേഖകൻUpdated: Wednesday Jul 15, 2020

 

മലപ്പുറം
ജില്ലയിൽ ദേശീയപാതാ വികസനത്തിന്‌ ഏറ്റെടുക്കുന്ന സ്ഥലത്തുൾപ്പെട്ട 837 കെട്ടിടങ്ങൾക്ക്‌ വിലയിട്ടു.  തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാടി –- 326, തെന്നല –- 155, തിരൂർ താലൂക്കിലെ കുറ്റിപ്പുറം, നടുവട്ടം, ആതവനാട്‌ വില്ലേജുകളിൽ 356 എന്നിങ്ങനെയാണ്‌ കെട്ടിടങ്ങളുടെ വിലനിർണയം പൂർത്തിയായത്‌.  
ഹൈക്കോടതി ഉത്തരവിനെ തുടർന്ന്‌ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ കലക്ടറേറ്റിൽനിന്നുള്ള ഉദ്യോഗസ്ഥർ നടപടികളെടുക്കുന്നത്‌‌. കാസർകോട്‌ ജില്ലയിലെ തലപ്പാടിയിൽനിന്ന്‌ തിരുവനന്തപുരം  കഴക്കൂട്ടംവരെയുള്ള ദേശീയപാത 66 ആണ്‌ വികസിപ്പിക്കുന്നത്‌. ജില്ലയിൽ 72 കിലോ മീറ്റർ ദൂരം ആറ്‌ വരിപ്പാതയായി  മാറും. രാമനാട്ടുകര –- കുറ്റിപ്പുറം, കുറ്റിപ്പുറം –- കാപ്പിരിക്കാട്‌ എന്നിങ്ങനെ രണ്ട്‌ റീച്ചുകളായാണ്‌ നിർമാണം. 3600ഓളം കെട്ടിടങ്ങൾ‌ വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കും‌. കെട്ടിടങ്ങളുടെ മൂല്യനിർണയം പൂർത്തിയായശേഷം സ്ഥലമുടമകൾക്ക്‌ നഷ്ടപരിഹാരം കൈമാറണം. തുടർന്ന്‌ ഭൂമി ഏറ്റെടുത്ത്‌ ഈ വർഷം നിർമാണം ആരംഭിക്കാനാണ്‌ ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. 
അതേസമയം, 837 കെട്ടിടങ്ങൾ പരിശോധിച്ചതിൽ ആറ്‌ കേസുകളിൽ‌മാത്രമാണ്‌  എതിർപ്പുണ്ടായത്‌. തിരൂരങ്ങാടി വില്ലേജിലെ വെന്നിയൂർ, കക്കാട്‌ പ്രദേശങ്ങളിലാണിത്‌. നേരത്തെ സ്ഥലമേറ്റെടുക്കലിനെതിരെ  പ്രദേശവാസികളിൽ ചിലർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്‌ ജൂലൈ ആറിന്‌‌ ഹൈക്കോടതി സ്ഥലമെടുപ്പ്‌ സ്റ്റേ ചെയ്‌തു. എന്നാൽ സർക്കാർ വിശദീകരണം നൽകിയതോടെ  സ്റ്റേ നീക്കി. ഇപ്പോൾ ഹൈക്കോടതിയുടെ നിർദേശങ്ങൾപാലിച്ചാണ്‌ പരിശോധന‌. ഒരേസമയം നാല്‌ ജീവനക്കാർമാത്രം പങ്കെടുക്കുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top