19 August Monday
സമ്മാനങ്ങൾ ചിരിക്കും

സായന്തനയുടെ സ്വപ‌്നഭവനത്തിൽ

ഇ ബാലകൃഷ‌്ണൻUpdated: Wednesday May 15, 2019
 
മേലാറ്റൂർ
തനിക്ക‌് ലഭിച്ച ട്രോഫികൾ ഭംഗിയായി അടുക്കിവയ‌്ക്കാൻ ഇടമില്ലെന്ന സായന്തനയുടെ സങ്കടത്തിന‌് വിട. അവൾക്ക‌് എല്ലാ സൗകര്യങ്ങളുമുള്ള വീടൊരുങ്ങി. മന്ത്രി ടി എം തോമസ് ഐസക്കിന്റെ ഇടപെടലിനെ തുടർന്നാണ‌് സ്വപ‌്നഭവനം യാഥാർഥ്യമായത‌്. 
  വെട്ടത്തൂർ തേലക്കാട് കാവണ്ണയിൽ ലക്ഷ്മണന്റെ മകളാണ‌് സായന്തന. ശോച്യാവസ്ഥയിലായ കൊച്ചുവീട്ടിലാണ‌് താമസം.  ലക്ഷ്മണന് കൂലിപ്പണിചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനമാണ‌് ഏക ആശ്രയം.  പഠന–-പാഠ്യേതര രംഗത്ത‌് പുരസ‌്കാരമേറെ നേടിയിട്ടുണ്ട‌് സായന്തന. വെട്ടത്തൂർ ഗവ. ഹയർ സെക്കൻഡറി സ‌്കൂളിൽനിന്ന‌് ഹ്യുമാനിറ്റീസ‌് ഗ്രൂപ്പെടുത്ത‌് പ്ലസ‌്ടുവിന‌് എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എസ‌്എസ‌്എൽസിക്കും എല്ലാ വിഷയത്തിനും എ പ്ലസ‌് നേടിയിരുന്നു. 
 സംസ്ഥാനതല വാർത്താ വായന മത്സരത്തിൽ ഒന്നാംസ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട‌്. കഴിഞ്ഞ ശിശുദിനത്തിൽ കൈരളി ടിവിയിൽ വാർത്ത വായിച്ച് ജനശ്രദ്ധ നേടി. മിമിക്രി, പദ്യംചൊല്ലൽ, അവതാരക  എന്നീ മേഖലകളിലും കഴിവുതെളിയിച്ചു. കിട്ടിയ പാരിതോഷികമെല്ലാം വലിയൊരു കവറിൽകെട്ടി ചെറുവീടിന്റെ മൂലയിൽവച്ചിരിക്കുകയാണ‌്. 
   മന്ത്രി ടി എം തോമസ് ഐസക് പങ്കെടുത്ത യാത്രയയപ്പ് സമ്മേളന വേദിയിൽ അവതാരകയായിരുന്നു സായന്തന. അവളുടെ മിടുക്ക് നേരിട്ടുകണ്ട മന്ത്രി അഭിനന്ദിച്ചു. മന്ത്രിയോട് അധ്യാപകരാണ‌്  സായന്തനയുടെ ദുരവസ്ഥയെപ്പറ്റി പറഞ്ഞത‌്. വീടുനിർമാണത്തിന‌് മന്ത്രി ഇടപെട്ടു. കാര്യങ്ങൾ വകുപ്പ് മന്ത്രി എ കെ ബാലനെ  അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം  പട്ടികജാതി വികസന വകുപ്പിൽനിന്ന് വീടിനായി നാല് ലക്ഷം രൂപ അനുവദിച്ചു. 
തുടർന്ന് വെട്ടത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഹംസക്കുട്ടി ചെയർമാനും പിടിഎ പ്രസിഡന്റ‌് കെ അബ്ദുൽ ജബ്ബാർ കൺവീനറും സി ഉമ്മർ ട്രഷററുമായി കമ്മിറ്റി രൂപീകരിച്ച്  ബാക്കി തുകകൂടി കണ്ടെത്തി വീടിന്റെ പ്രവൃത്തി പൂർത്തിയാക്കി. 736 ചതുരശ്രയടിയിൽ രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള തുടങ്ങിയ സൗകര്യങ്ങളോടെയുള്ള വീടിന്റെ പെയിന്റിങ് ജോലിമാത്രമാണ്  പൂർത്തിയാകാനുള്ളത്. അതുകഴിഞ്ഞാൽ അമ്മ രമണി, സഹോദരങ്ങളായ സാന്ദ്ര, സായൂജ് എന്നിവരോടൊപ്പം താമസംമാറും. ഐഎഎസ് ആണ് സായന്തനയുടെ ലക്ഷ്യം.
പ്രധാന വാർത്തകൾ
 Top