29 February Saturday
1001 രൂപ സമ്മാനം

ഒറ്റ മിനിറ്റിലൊതുക്കാമോ പ്രണയം

സ്വന്തം ലേഖകൻUpdated: Saturday Feb 15, 2020
മലപ്പുറം
സ്‌നേഹാർദ്രമായ ഒരു പ്രണയദിനംകൂടി കടന്നുപോയി. പറഞ്ഞിട്ടും തീരാതെ അതിനിയും തുടരുകയാണ്‌, മഴ പെയ്‌തൊഴിഞ്ഞിട്ടും മരം പെയ്യും പോലെ പ്രണയ വർത്തമാനങ്ങൾ. ഇഷ്ടം പറഞ്ഞുതീരാത്തവർക്കും പറയാതെ പോയവർക്കും ശനിയാഴ്‌ച കോട്ടക്കുന്നിലേക്ക്‌ വരാം. ഊഷ്‌മളമായ ഒരു വിചാരബന്ധമെന്നതിൽനിന്ന്‌ പകയിലേക്ക്‌ പരാവർത്തനംചെയ്യുമ്പോഴും അനശ്വര പ്രണയം ബാക്കിയുണ്ടെന്ന്‌ പറയാം.  
മലയാളിയുടെ കാവ്യകൽപനകളെ തീവ്രപ്രണയത്താൽ ചുട്ടുപൊള്ളിച്ച കവി ബാലചന്ദ്രൻ ചുള്ളിക്കാട്‌ കുറിച്ചപോലെ ‘ആദ്യാനുരാഗ പരവശനായി ആത്മരക്തം കൊണ്ടെഴുതിയ വാക്കുകളും, പരമാണുഭേദിക്കും അന്തരംഗങ്ങളും’, ശിഷ്ടപ്രണയത്തെകുറിച്ചും നഷ്ടപ്രണയത്തെക്കുറിച്ചും ഒക്കെ പറയാം. പ്രാണന്റെ പിന്നിൽ കുറിച്ചിട്ടും കാമിനി കാണാതെ പോയതും ചൂടാതെ പോയതുമൊക്കെയാകാം.  ഒരു  മിനിറ്റിൽ കവിയരുതെന്ന്‌ മാത്രം. ആ നിമിഷത്തിന്റെ നിർവൃതിയിൽ ഏറ്റവും വാചലവും മനോഹരവുമാകുന്ന  പ്രണയചൊല്ലുകൾക്ക്‌ 1001 രൂപയാണ്‌ സമ്മാനം. പ്രണയദിനത്തോടനുബന്ധിച്ച്‌ മലപ്പുറം ബുക്‌ ഫാമിൽ വൈകിട്ട്‌ നാലിനാണ്‌ മത്സരം. 
ഡിടിപിസി ഹാളിന്‌ സമീപത്തെ ബുക്‌ ഫാമും പാരിസ്‌ സിറ്റി കഫേയുമാണ്‌ സംഘാടകർ. പ്രണയത്തിന്‌ പ്രായമില്ലാത്തതിനാൽ ആർക്കും പങ്കെടുക്കാം.
പ്രധാന വാർത്തകൾ
 Top