25 February Thursday

നീലഗിരി കെഎസ്‌ആർടിസി സർവീസ്‌ തമിഴ്‌നാട്‌ സർക്കാർ 
വിലക്ക്‌ നീക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

നീലഗിരി കെഎസ്‌ആർടിസി സർവീസ്‌ തമിഴ്‌നാട്‌ സർക്കാർ 
വിലക്ക്‌ നീക്കണം: സിപിഐ എം  മലപ്പുറം കെഎസ്‌ആർടിസി ബസുകൾക്ക്‌ നീലഗിരിയിലേക്ക്‌ തമിഴ്‌നാട്‌ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക്‌ നീക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. യാത്രാ വിലക്കുകൾ ഒഴിവാക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകി. കോവിഡ്‌ 19 വ്യാപന സമയത്താണ്‌ കേരളത്തിൽനിന്നും നീലഗിരിയിലേക്കുള്ള കെഎസ്‌ആർടിസി ബസുകൾ തമിഴ്‌നാട്‌ സർക്കാർ വിലക്കിയത്‌. കോവിഡിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്‌ഡൗൺ പിൻവലിക്കുകയും അന്തർ സംസ്ഥാന യാത്രാ നിയന്ത്രണങ്ങള്‍  ഒഴിവാക്കുകയും ചെയ്‌തു. എന്നാൽ നീലഗിരിയിലേക്ക്‌ കെഎസ്‌ആർടിസിയ്‌ക്ക്‌ ഏർപ്പെടുത്തിയ വിലക്ക്‌ നീക്കാൻ തമിഴ്‌നാട്‌ സർക്കാർ തയ്യാറായിട്ടില്ല. ലോക്‌ഡൗണിനുമുമ്പ്‌ ബംഗളൂരു, ഗൂഡല്ലൂർ, മൈസൂരു എന്നിവിടങ്ങളിലേക്ക്‌ നീലഗിരിവഴി പത്ത്‌ ബസുകൾ സർവീസ്‌ നടത്തിയിരുന്നു. ഈ റൂട്ടിലൂടെ ബസുകൾ ഇല്ലാത്തതിനാൽ വർധിച്ച വാടക വാങ്ങി ടാക്‌സികൾ സർവീസ്‌ നടത്തുന്നുണ്ട്‌. ജില്ലയിലെ ബഹുജനങ്ങൾക്ക്‌ നീലഗിരിയുമായി പലതരത്തിലുള്ള ബന്ധങ്ങളുണ്ട്‌. ജില്ലക്കാരായ ഒട്ടനവധി പേർ കുടുംബസമേതം അവിടെ താമസക്കാരുമാണ്‌. നീലഗിരിയുമായി ബന്ധപ്പെടുന്നതിനുള്ള യാത്രാക്ലേശത്തിന്‌ പരിഹാരം കാണണമെന്നും പ്രശ്‌നം പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top