14 December Saturday

പ്രണയിച്ചതിന്‌ ആൾക്കൂട്ട ആക്രമണം ഷാഹിറിനെ തല്ലിച്ചതച്ച്‌ കുറ്റവിചാരണയും

സ്വന്തം ലേഖികUpdated: Thursday Nov 14, 2019

 

 
മലപ്പുറം
പ്രണയബന്ധത്തിന്റെ പേരിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ മർദിച്ചതിൽ മനംനൊന്ത്‌ ആത്മഹത്യചെയ്‌ത ഷാഹിറിനെ കുറ്റവിചാരണ ചെയ്‌തതായും ആക്ഷേപം. ഉത്തരേന്ത്യയിലെ സംഘപരിവാർ ആൾക്കൂട്ട ആക്രമണങ്ങളെയും താലിബാൻ കുറ്റവിചാരണയെയും അനുസ്‌മരിപ്പിക്കുന്ന സംഭവങ്ങളാണ് പുതുപ്പറമ്പിലുണ്ടായത്‌. മരിച്ച ഷാഹിറിന്റെ ബന്ധുക്കളുടെ മൊഴിയിൽ വെളിപ്പെടുന്നത്‌ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ. 
  ഞായറാഴ്‌ച രാത്രി മഞ്ഞമാട്‌ പാലത്തിൽ  ഷാഹിറിനെ പെൺകുട്ടിയുടെ പിതാവും സംഘവും  മർദിച്ചു. ചില പ്രമാണിമാർ മധ്യസ്ഥതക്കെന്നുപറഞ്ഞ്‌ പ്രദേശത്തെ പൗര പ്രമുഖന്റെ വീട്ടിലെത്തിച്ച്‌ കുറ്റവിചാരണ നടത്തിയെന്നും പെൺകുട്ടിയുമായി സൗഹൃദമുണ്ടാകില്ലെന്ന്‌ എഴുതിവാങ്ങിയെന്നും ഷാഹിറിന്റെ ഉപ്പ ഹൈദരലി പരാതിയിൽ പറഞ്ഞു.  ഷാഹിറിനെ മർദിക്കുന്നതറിഞ്ഞ്‌ സ്ഥലത്തെത്തിയ സഹോദരൻ  ഷിബിലിനെയും സുഹൃത്ത്‌ മുഫീദിനെയും തല്ലി. ഇരുവരെയും  പൗരപ്രമുഖന്റെ വീട്ടിലെത്തിച്ചു. 
അവിടെവച്ച്‌ ഷാഹിറിനെ വിചാരണ നടത്തിയെന്ന്‌ ഷിബിൽ പൊലീസിന്‌ മൊഴി നൽകി. മക്കളെ ഒരു വീട്ടിൽ പിടിച്ചുവച്ചതറിഞ്ഞ്‌  സ്ഥലത്തെത്തിയ ഹൈദരലി പ്രമാണിമാരുമായി  പ്രശ്‌നം സംസാരിച്ചശേഷമാണ്‌   വീട്ടിലേക്കുപോയത്‌.വീട്ടിലെത്തിയ ഷാഹിർ, അവർ തന്റെ നഗ്നചിത്രങ്ങൾ എടുത്തിട്ടുണ്ടെന്നും ഇനി ജീവിക്കാൻ സാധിക്കില്ലെന്നും പറഞ്ഞാണ്‌ മുറിയിലേക്ക്‌ ഓടിക്കയറിയത്‌. പിറകെയെത്തിയ  ഹൈദരലി അബോധാവസ്ഥയിലായ മകനെയാണ്‌ കണ്ടത്‌.  പെൺകുട്ടിയുടെ ഉപ്പയടക്കം പതിനഞ്ചോളം പേർക്കെതിരെ പൊലീസ്‌ കേസെടുത്തു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top