05 December Thursday

ട്രാക്ക് കൈയേറി സമരക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

 

തേഞ്ഞിപ്പലം
ചട്ടപ്പടി സമരത്തിന്റെ പേരിൽ ഒരുവിഭാഗം കായികാധ്യാപകർ ജില്ലാ സ്‌കൂൾ കായികോത്സവം നടക്കുന്ന കലിക്കറ്റ്‌ സർവകലാശാലാ സ്‌റ്റേഡിയത്തിലെ സിന്തറ്റിക്‌ ട്രാക്ക് കൈയേറി. ബുധനാഴ്‌ച രാവിലെ ട്രാക്കിൽ സീനിയർ വിഭാഗം 3000 മീറ്റർ മത്സരം കഴിഞ്ഞ ഉടനെയാണ് സംയുക്ത കായികാധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഗ്രൗണ്ടിലേക്ക് പ്രകടനമായി അധ്യാപകർ എത്തിയത്. ജൂനിയർ വിഭാഗം 3000 മീറ്റർ തുടങ്ങുന്നത്‌ തടസ്സപ്പെടുത്തിയ സമരക്കാർ ട്രാക്കിലൂടെ പ്രകടനം നടത്തി. ഏതാണ്ട്‌ അരമണിക്കൂറിലധികം മത്സരം സ്‌തംഭിപ്പിച്ചു.  ജൂനിയർ വിഭാഗം 3000 മീറ്റർ മത്സരം ആരംഭിച്ചതിനുശേഷവും ട്രാക്കിന് ചുറ്റുംനിന്ന് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി. സമരത്തിൽ പങ്കെടുക്കാതെ മത്സരം നടത്താൻ മുന്നിട്ടിറങ്ങിയ അധ്യാപകരെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു പ്രകടനം. 
ഡിഡിഇ കെ എസ്‌ കുസുമവുമായി സമരക്കാർ വാക്‌തർക്കവുമുണ്ടാക്കി. ഒരുവിഭാഗം അധ്യാപകർ മത്സരത്തിൽനിന്ന് വിട്ടുനിന്നത് മത്സരത്തിന്റെ നടത്തിപ്പിനെ കാര്യമായി ബാധിച്ചു. കായികാധ്യാപകർ ട്രാക്കിൽ കയറി പ്രകടനം നടത്തിയ നടപടി ശരിയായില്ലെന്ന് ഡിഡിഇ പറഞ്ഞു.
മത്സരാർഥികളെയും സംഘാടകരെയും വലയ്‌ക്കുന്ന നിലപാടാണ്‌ സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥരായ സർവകലാശാലാ കായികവിഭാഗവും  സ്വീകരിച്ചത്‌. ട്രാക്ക്‌ വിട്ടുനൽകിയെങ്കിലും  ആവശ്യമായ ഉപകരണങ്ങൾ പലതും നൽകിയില്ല. സ്റ്റേഡിയത്തിലേക്കുള്ള പ്രധാന കവാടം തുറന്നുനൽകാത്തത്‌ മത്സരാർഥികളെയും സംഘാടകരെയും ഏറെ വലച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top